സുഹാർ: ഓണം അടുത്തതോടെ പതിവുപോലെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. ഇതോടെ ടിക്കറ്റ് നിരക്കിന്റെ കുതിച്ചുകയറ്റത്തിൽ വേനലവധിക്ക് നാട്ടിൽ പോകാതിരുന്ന പ്രവാസികളുടെ ഓണത്തിന് നാട്ടിലെത്താമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. കുടുംബങ്ങൾക്ക് നാട്ടിലേക്കെത്താൻ വലിയ നിരക്കാണ് വേനലവധിക്കാലത്തുണ്ടായിരുന്നത്.
ഓണത്തിന് നാട്ടിൽ പോകാൻ സാധ്യമല്ലാത്ത അവസ്ഥയിലാണെന്ന് സുഹാറിൽ ഫ്രോസൺ ഫുഡ് കമ്പനിയുടെ സെയിൽസ് മേഖലയിൽ വർക്ക് ചെയ്യുന്ന പ്രവാസിയായ രാജൻ പള്ളിയത്ത് പറയുന്നു. കുടുംബവുമായി നാട്ടിൽ ഓണം ആഘോഷിക്കാൻ പോകണമെങ്കിൽ രണ്ട് കുട്ടികൾ അടക്കം 400 റിയാൽ (ഏകദേശം ഒരു ലക്ഷം രൂപക്ക് മുകളിൽ) ചെലവാകും. ഈ തുക ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പ്രയോജനപ്പെടുത്താനാവൂ. ഓണം അടുക്കുന്നതോടെ നിരക്ക് വീണ്ടും കുത്തനെ ഉയരുമെന്ന് ഫലജിലെ ട്രാവൽ ഏജൻസി പ്രതിനിധി അഷ്റഫ് പറഞ്ഞു.
ഓരോ സീസണിലും ടിക്കറ്റ് നിരക്ക് ഉയരുന്നതിനാൽ ഇന്ത്യൻ വിമാനക്കമ്പനി ബഹിഷ്കരണം പോലുള്ള സമര പരിപാടിയുമായി പ്രവാസികൾ മുന്നോട്ടുവന്നിരുന്നു. എന്നാൽ ടിക്കറ്റ് നിരക്കിൽ ഇടപെടാനാവില്ലെന്ന കേന്ദ്രമന്ത്രിയുടെ മറുപടിയോടെ സർക്കാർ ഇടപെടൽ സംബന്ധിച്ച പ്രതീക്ഷ മങ്ങി. ഗോ ഫസ്റ്റ് നിർത്തലാക്കിയിട്ട് മാസങ്ങളായെങ്കിലും സർവിസ് പുനരാരംഭിക്കാൻ ഇതുവരെ നടപടികളൊന്നും ആയിട്ടില്ല. മാത്രമല്ല, യാത്രക്കാരുടെ ടിക്കറ്റ് തുക ഇതുവരെയും തിരിച്ചുനൽകിയിട്ടില്ല. യാത്ര റദ്ദുചെയ്തതും ഓൺലൈനിൽ ബുക്ക് ചെയ്തതും അടക്കം വലിയ തുക കമ്പനി തിരിച്ചുനൽകേണ്ടതുള്ളതിനാൽ ഗോ ഫസ്റ്റ് സർവിസ് പുനരാരംഭിക്കുമെന്നത് വിശ്വസിക്കാനാവില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
മലബാർ മേഖലയിലുള്ളവർക്ക് ആശ്വാസമായിരുന്ന കണ്ണൂർ എയർപോർട്ട് സജീവമാകാത്തതും വലിയ തിരിച്ചടിയാണ്. പുതിയ വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്രാനുമതി ലഭിക്കാത്തതിനാൽ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനാവില്ല.