ഓണക്കാലത്ത് ഒൻപത് രൂപ അധികം നൽകി പാൽ വാങ്ങാൻ മിൽമയുടെ തീരുമാനം; കർഷകർക്ക് ലിറ്ററിന് അഞ്ച് രൂപ അധികം ലഭിക്കും

news image
Aug 22, 2024, 3:33 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഓണക്കാലത്ത്  ഒരു ലിറ്റര്‍ പാലിന് ഒൻപത് രൂപ വീതം അധിക വില നല്‍കാൻ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട് രൂപ മേഖലാ യൂണിയനില്‍ സംഘത്തിന്‍റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.

ക്ഷീരസംഘങ്ങള്‍ക്ക് ലഭിക്കുന്ന ഏഴ് രൂപയില്‍ അഞ്ച് രൂപ ക്ഷീര കര്‍ഷകര്‍ക്ക് നൽകണം. രണ്ട് രൂപ സംഘങ്ങളുടെ കൈകാര്യ ചെലവിനായി വിനിയോഗിക്കാം. 2024 ജൂലൈയില്‍ സംഘങ്ങള്‍ യൂണിയന് നല്‍കിയ പാലളവിന് ആനുപാതികമായി ആഗസ്റ്റ് മാസത്തിലെ പാല്‍ വിലയോടൊപ്പമായിരിക്കും ഇപ്പോൾ പ്രഖ്യാപിച്ച ഇന്‍സെന്‍റീവ് നല്‍കുക.

ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ പരിധിയിലുള്ള ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍വില ഒരു ലിറ്ററിന് 53.76 രൂപയായി വര്‍ദ്ധിക്കും. പുതിയ തീരുമാനം നടപ്പാവുന്നതോടെ ഏകദേശം 6.40 കോടി രൂപയുടെ അധിക ചെലവാണ് മിൽമ തിരുവനന്തപുരം മേഖല യൂണിയന്‍ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മേഖല യൂണിയന്‍ 2023-24 സാമ്പത്തികവര്‍ഷം അധിക പാല്‍വില നല്‍കുന്നതിനായി 11.78 കോടി രൂപയും 2024-25 സാമ്പത്തിക വര്‍ഷം നാളിതു വരെ 1.37 കോടിയും ചെലവഴിച്ചതായും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe