പട്ടിണിയും പരിവട്ടവും ഇല്ലെങ്കിലും ഗൃഹാതുരത്വമുണര്‍ത്തി വീണ്ടുമൊരു ഓണക്കാലത്തെ വരവേല്‍ക്കുകയാണ് നാം. അതിന്റെ മുന്നോടിയായുള്ള അത്തംപിറവി ഇന്നാണ്. വ്യാഴാഴ്ചയും അത്തം നക്ഷത്രം ഉണ്ടങ്കിലും വെള്ളിയാഴ്ചയാണ് പൊതുവെ അത്തമായി കണക്കാക്കുന്നത്. രാവിലെ സൂര്യോദയം മുതല്‍ ഏഴരമണിവരെ അത്തം നക്ഷത്രം ഉള്ളതാണ് വെള്ളിയാഴ്ച അത്തമായെടുക്കുന്നത്. ഇന്നുമുതല്‍ പത്താം ദിവസം തിരുവോണവും ആഘോഷിക്കും.
അത്തം തൊട്ട് കുട്ടികളും മുതിര്‍ന്നവരും പൂക്കളിറുത്ത് മുറ്റത്ത് ചാണകം മെഴുകി പൂക്കളം തീര്‍ക്കും. നാട്ടില്‍ പ്രധാനമായ തുമ്പയും മുക്കുറ്റിയും കിട്ടാനില്ലന്നതിനാല് ഏറിയപേരും കടകളിലും വഴിയോരങ്ങളിലും വിൽപനക്കായി കരുതിവെച്ച വരവ് പൂക്കളെയാണ് ആശ്രയിക്കുന്നത്. ചെണ്ടുമല്ലി, വാടാര്‍മല്ലി തുടങ്ങിയവയാണ് വരവ് പൂക്കള്‍. ഓണക്കാലത്തേക്കായി നാട്ടില്വ്യാപകമായി കൃഷിചെയ്ത് വിളയിച്ചെടുത്ത ചെണ്ടുമല്ലിയും ഇപ്പോള്‍ താരമായിട്ടുണ്ട്. കാര്ഷികസമൃദ്ധിയുമായി ബന്ധപെട്ടാണ് ഓണാഘോഷമെങ്കിലും ഇന്ന് കാര്‍ഷികമേഖല അരക്ഷിതാവസ്ഥയിലാണ്. ചിങ്ങകൊയ്ത്തുകഴിഞ്ഞുള്ള പുത്തരിചോറാണ് തിരുവോണത്തിന് പുത്തന്‍കലങ്ങളില്‍ വേവിച്ചെടുക്കുക. ഓണവുമായി ബന്ധപെട്ട് വിവിധ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് പ്രത്യേക അവകാശങ്ങളും കടമകളും നിലനിന്നിരുന്നെങ്കിലും കാലാന്തരത്തില്‍ അവയെല്ലാം ഓര്‍മകളായി. ഓണസദ്യകള് പോലും ഇക്കാലത്ത് വീടുകളില്‍ ആവശ്യാനുസരണം എത്തുമെന്നതിനാല്‍ ഓണപ്പാച്ചിലിന്റെ നെട്ടോട്ടത്തിനും ആശ്വാസമുണ്ട്.
വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ തൃക്കേട്ടനാളില്‍ പാടത്തുപണിനിര്ത്തിവക്കുന്നതിനെ കന്നുനിര്ത്തുക എന്നാണ് പറയുക. അതിനുശേഷം ഓണം കഴിഞ്ഞാലേ പണികള്‍ ആരംഭിക്കൂ. നേന്ത്രക്കായകള്‍ വാങ്ങിയും ഓണക്കോടികളെടുത്തും തൃക്കാക്കരയപ്പനെ കുടിയിരുത്തിയും അങ്ങിനെയൊക്കെ ആയിരുന്നു ശരാശരി പഴയകാല മലയാളികളുടെ പൊതുവെ ഓണം.