മലപ്പുറം: സിനിമ കാണാൻ ടിക്കറ്റ് നൽകാതെ ഓൺലൈനിൽ ടിക്കറ്റെടുക്കാൻ നിർബന്ധിച്ച് തിരിച്ചയച്ച തിയറ്ററുടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകാൻ ജില്ല ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം സ്വദേശി ശ്രീരാജ് വേണുഗോപാൽ 2022 നവംബര്‍ 12ന് സുഹൃത്തുമൊന്നിച്ച് മഞ്ചേരിയിലെ ‘ലാഡർ’ തിയറ്ററിൽ അടുത്തദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്‍കാതെ സ്വകാര്യ ഓൺലൈൻ പ്ലാറ്റ്ഫോമിൽനിന്ന് വാങ്ങാൻ പറഞ്ഞ് തിരിച്ചയക്കുകയാണ് ചെയ്തത്. ഓൺലൈനിൽ ടിക്കറ്റിനായി 23 രൂപയും 60 പൈസയും അധികം വാങ്ങുന്നെന്നും അത് തിയറ്ററുടമയും ഓൺലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റാണെന്നും ചൂണ്ടിക്കാണിച്ചാണ് ശ്രീരാജ് ഉപഭോക്തൃ കമീഷനിൽ പരാതി നൽകിയത്.
സ്ഥിരമായി ഈ തിയറ്ററിൽനിന്ന് സിനിമ കാണുന്ന പരാതിക്കാരൻ ഓൺലൈനിൽ സ്ഥിരമായി ടിക്കറ്റെടുക്കുന്നതിന്റെയും അധികസംഖ്യ ഈടാക്കുന്നതിന്റെയും രേഖകൾ കമീഷൻ മുമ്പാകെ ഹാജരാക്കി.