ഓണ വിപണിയില്‍ റെക്കോഡിട്ട് കണ്‍സ്യൂമര്‍ ഫെഡ്; 187 കോടിയുടെ വില്‍പ്പന

news image
Sep 7, 2025, 2:40 pm GMT+0000 payyolionline.in

ഓണവിപണിയില്‍ ചരിത്രം സൃഷ്ടിച്ച വിൽപ്പനയുമായി കണ്‍സ്യൂമര്‍ ഫെഡ്. ഈ ഓണക്കാലത്ത് 187 കോടിയുടെ റെക്കോര്‍ഡ് വില്‍പ്പന കൈവരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനായി. സംസ്ഥാനത്തെ 1579 ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ ഫെഡ് ഈ വില്‍പ്പന കൈവരിച്ചത്.

13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടു കൂടിയും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. സര്‍ക്കാര്‍ സബ്‌സിഡിയോടെയുള്ള 110 കോടിയുടെ 13 ഇനം സാധനങ്ങളും 77 കോടിയും മറ്റ് നിത്യോപയോഗ സാധനങ്ങളുമാണ് ഓണച്ചന്തയിലൂടെ വില്‍പ്പന നടത്തിയത്.ജയ, കുറുവ, മട്ട എന്നീ അരികള്‍ കിലോയ്ക്ക് 33 രൂപയ്ക്കാണ് ജനങ്ങൡലക്കെത്തിച്ചത്. 15 ലക്ഷം കുടുംബങ്ങളിലേക്ക് 9536.28 ടണ്‍ അരിയാണ് ഓണച്ചന്തകളിലൂടെ ആശ്വാസ വിലയ്ക്ക് ലഭ്യമാക്കിയത്. 1139 ടണ്‍ പഞ്ചസാര, 800 ടണ്‍ ചെറുപയര്‍, 875 ടണ്‍ ഉഴുന്ന്, 822 ടണ്‍ കടല, 593 ടണ്‍ വന്‍പയര്‍, 748 ടണ്‍ തുവരപ്പരിപ്പ് 604 ടണ്‍ മുളക്്, 357 ടണ്‍ മല്ലി, 11 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ എന്നിവയും ഓണച്ചന്തകളിലൂടെ സബ്‌സിഡി നിരക്കില്‍ നല്‍കി. ലിറ്ററിന് 339 രൂപ നിരക്കിലാണ് വെളിച്ചെണ്ണ നല്‍കിയത്്. മില്‍മ, റെയ്ഡ്‌ക്കോ, ദിനേശ് തുടങ്ങി കേരളത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ വിപണി ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ വഴി കഴിഞ്ഞു. സഹകരണ സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ശേഖരിച്ചുകൊണ്ടുള്ള പച്ചക്കറി ചന്തകളും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരുക്കി.കേരളത്തിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ പ്രധാന പങ്കുവഹിച്ചെന്ന് ചെയര്‍മാന്‍ അഡ്വ. പി.എം. ഇസ്മയില്‍ പറഞ്ഞു. ഫെഡിന്റെ എക്കാലത്തെയും ചരിത്ര വില്‍പ്പനയാണ് ഇക്കുറി ഓണച്ചന്തകള്‍ വഴി നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 62 കോടിയുടെ അധിക വില്‍പ്പന.സബ്‌സിഡി ഇനത്തില്‍ 60 കോടിയും നോണ്‍ സബ്‌സിഡി ഇനത്തില്‍ 65 കോടിയുമുള്‍പ്പെടെ 125 കോടിയുടെ വില്‍പ്പനയാണ് കഴിഞ്ഞ ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe