ബംഗളൂരു: ഓപറേഷൻ സിന്ദൂറിലൂടെ പാകിസ്താനുമേൽ മിസൈൽ ആക്രമണം നടത്തിയ ഇന്ത്യൻ സായുധ സേനയുടെ ധീരതയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രവാദത്തിന് നമ്മുടെ മണ്ണിൽ ഇടമില്ലെന്നും ഐക്യത്തോടെയും ശക്തിയോടെയും ഇന്ത്യ തിരിച്ചടിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഓപറേഷൻ സിന്ദൂറിന് പിന്നിൽ പ്രവർത്തിച്ച സായുധസേനക്ക് എന്റെ സല്യൂട്ട്. ഇന്ത്യ ഒരു തരത്തിലും തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്നാണ് അവരുടെ ധീരമായ പ്രവൃത്തി കാണിച്ചുതരുന്നത്. പഹൽഗാം ആക്രമണം നിഷ്കളങ്കരായ ജനങ്ങൾക്കുമേലുളള ആക്രമണമായിരുന്നില്ല, മറിച്ച് ഇന്ത്യയുടെ ആത്മാവിനും സ്വപ്നങ്ങൾക്കും മേലുള്ള ആക്രമണമായിരുന്നു.
ഇരകൾക്കും അവരുടെ കുടുംബത്തിനും നീതി ഉറപ്പാക്കുകയാണ് സൈന്യം ചെയ്യുന്നത്. രാജ്യത്തിന്റെ നിർണായക ഘട്ടത്തിൽ കർണാടക സംസ്ഥാനം സേനക്ക് സർവ പിന്തുണയും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ പഹൽഗാം ആക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീനകശ്മീരിലെയും ഒമ്പതു കേന്ദ്രങ്ങളിലാണ് ബുധനാഴ്ച രാവിലെ ആക്രമണം നടത്തിയത്.
തീവ്രവാദ സംഘടനയായ ജയ്ശെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവൽപൂരിലും ലശ്ററെ ത്വയ്യിബയുടെ കേന്ദ്രമായ മുരിദ്കെയിലുമടക്കം ആക്രമണങ്ങൾ നടന്നു.