ന്യൂഡൽഹി ∙ ഇസ്രയേലിൽനിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നെത്തിയ 212 പേരുടെ സംഘത്തിൽ 7 മലയാളികളുണ്ട്. മലയാളികളുടെ എണ്ണം ഇതിലും കൂടാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുലർച്ചെ ആറു മണിയോടെയാണ് വിമാനം എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ യാത്രക്കാരെ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് ടെൽഅവീവിൽനിന്നു വിമാനം പുറപ്പെട്ടത്.
പിഎച്ച്ഡി വിദ്യാർഥിയായ കണ്ണൂർ ഏച്ചൂർ സ്വദേശി എം.സി.അച്ചുത്, ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ കൊല്ലം കിഴക്കും ഭാഗം സ്വദേശിനി ഗോപിക ഷിബു, പിഎച്ച്ഡി വിദ്യാർഥി മലപ്പുറം പെരിന്തൽ മണ്ണമേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത്, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശിനി ദിവ്യ റാം, പോസ്റ്റ് ഡോക്ടറേറ്റ് വിദ്യാർഥിനി പാലക്കാട് സ്വദേശിനി നിള നന്ദ, മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ ടി.പി. രസിത (ഇരുവരും പോസ്റ്റ് ഡോക്ടറൽ വിദ്യാർഥികൾ) എന്നിവരാണ് സംഘത്തിലെ മലയാളികള്‍.എം.സി.അച്ചുത്, ഗോപിക ഷിബു, ശിശിര മാമ്പറം കുന്നത്ത്, രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ ടി.പി രസിത എന്നിവർ രാവിലെ 11.5 നുള്ള എഐ 831 വിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കും. ഉച്ചകഴിഞ്ഞ് 2.25ന് വിമാനം കൊച്ചിയിലെത്തും. ദിവ്യ റാം, നിള നന്ദ എന്നിവർ സ്വന്തം നിലയ്ക്കാണ് നാട്ടിലേക്കെത്തുന്നത്.
യുദ്ധം സംബന്ധിച്ചും ഇസ്രയേലിലെ ഇന്ത്യക്കാരെക്കുറിച്ചുമുള്ള വിശദാംശങ്ങൾ യാത്രക്കാരോട് മന്ത്രി രാജീവ് ചന്ദ്രശേഖർ ചോദിച്ചറിഞ്ഞു. ഇസ്രയേലിൽ നിന്നുള്ള യാത്രക്കാരെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച വിമാനത്തിലെ ജീവനക്കാർക്കും മന്ത്രി നന്ദി അറിയിച്ചു. ‘പ്രതിസന്ധി ഘട്ടങ്ങളിൽ ലോകത്ത് എവിടെയുമുള്ള ഭാരതീയർക്കുമൊപ്പം നരേന്ദ്ര മോദി സർക്കാർ ഉണ്ടാകു’മെന്ന് നേരത്തെ മന്ത്രി എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു.ഓപ്പറേഷൻ അജയ്‌യുടെ നാലു ദിവസം കൂടി ഇസ്രയേലിൽ നിന്ന് ഇന്ത്യാക്കാരെ തിരികെ എത്തിക്കും. ഇനി വരുന്ന സംഘത്തിന്റെ ഒപ്പം വരുന്ന മലയാളികൾക്ക് കേരള ഹൗസിൽ കൂടുതൽ സൗകര്യം ഒരുക്കും. ഇസ്രയേലിൽ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാനാഗ്രഹിക്കുന്നവർക്ക് റജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എത്രപേർ തിരിച്ചുവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. നിലവിൽ വ്യോമമേഖല അടച്ചിട്ടില്ലെന്നും അതിനാൽ ഒഴിപ്പിക്കൽ എന്ന് ഇപ്പോഴത്തെ നടപടിയെ പറയാനാവില്ലെന്നും കഴിഞ്ഞ ദിവസം വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. ഗാസയിൽ നാലും വെസ്റ്റ്ബാങ്കിൽ 10–12 ഇന്ത്യക്കാരുമുണ്ട്. താൽപര്യമെങ്കിൽ അവരെയും തിരിച്ചെത്തിക്കും. ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പോകും. അതേസമയം, ഹമാസ് ആക്രമണത്തിൽ പരുക്കേറ്റ ഇസ്രയേലിലുള്ള മലയാളി കെയർഗിവർ ഷീജ നന്ദന്റെ നില ഭദ്രമാണ്. എംബസി അവരുടെ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആക്രമണത്തിൽ മറ്റ് ഇന്ത്യക്കാർക്ക് പരുക്കേറ്റതായി വിവരമില്ലെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
∙ തിരികെയെത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ: 011 23747079
∙ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഹെൽപ് ഡെസ്ക് ക്രമീകരിക്കുമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സൗരഭ് ജയിൻ അറിയിച്ചു.