ലാഹോര്‍: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെയും പാക് പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യാക്കൂബ് മുഗൾ എന്ന ഭീകരന്‍റെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുസഫറാബാദിലെ ബിലാല്‍ ടെറര്‍ ട്രെയിനിംഗ് ക്യാമ്പിന്റെ മേൽനോട്ടം വഹിക്കുന്നയാളാണ് യാക്കൂബ് മുഗൾ.
സംസ്കാര ചടങ്ങിൽ യൂണിഫോമിലും അല്ലാതെയും നിരവധിയാളുകളെ കാണാം. ഇതിൽ യൂണിഫോമിലല്ലാതെ നിൽക്കുന്നവരിൽ പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിലൊരു ക്യാമ്പിന് നേതൃത്വം നൽകിയിരുന്ന ഭീകരന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിലൂടെ ഭീകര സംഘടനകളുമായി പാകിസ്ഥാൻ സര്‍ക്കാര്‍ നിലിനിര്‍ത്തുന്ന ബന്ധം കൂടുതൽ വ്യക്തമായിരിക്കുകയാണ്. യാക്കൂബ് മുഗളിന് കീഴിൽ ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യൻ അതിര്‍ത്തി കടത്തി വിട്ടിരുന്നത് ബിലാൽ ക്യാമ്പിൽ നിന്നാണ്. യാക്കൂബ് മുഗൾ കൊല്ലപ്പെട്ടതായി പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.