ഓയിൽ പാം എസ്റ്റേറ്റ് തീപിടിത്തം: അന്വേഷത്തിന് നിർദേശം

news image
Feb 12, 2025, 3:50 am GMT+0000 payyolionline.in

അഞ്ചൽ: ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ കുളത്തൂപ്പുഴ കണ്ടൻചിറ എസ്റ്റേറ്റിലുണ്ടായ തീപിടിത്തം അന്വേഷിക്കാൻ പുനലൂർ ആർടിഒയെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് റിപ്പാർട്ട് നൽക്കാൻ കളക്ടർ നിർദേശിച്ചു.

ചൊവ്വ പകൽ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ഏക്കറുകളോളം പ്രദേശത്തെ എണ്ണപ്പനയാണ് കത്തിനശിച്ചത്. 2023ൽ റീപ്ലാന്റ് ചെയ്ത സ്ഥലമാണ് കൂടുതലായും നശിച്ചത്. അടിക്കാടുകളിലും ഉണങ്ങിയ ഓലകളിലുമാണ്‌ ആദ്യ തീപിടിച്ചത്‌. ശക്തമായി വീശിയ കാറ്റിൽ എണ്ണപ്പനകൾക്കു മുകളിലേക്കും തീ പടർന്നു. ഇതോടെ സമീപത്തേക്ക് എത്താനാകാത്ത വിധത്തിൽ പ്രദേശമാകെ തീയും പുകയും നിറഞ്ഞു. പുക ശ്വസിച്ച രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

പുനലൂർ, കടയ്ക്കൽ ഫയർ സ്റ്റേഷനുകളിൽനിന്ന്‌ അഗ്നിരക്ഷാസേനയും കുളത്തൂപ്പുഴ പൊലീസും ഫാമിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് രാത്രി എട്ടരയോടെ തീ നിയന്ത്രണവിധേയമാക്കി. ഫാമിനു പുറത്ത് ജനവാസമേഖലയിലേക്കും വനത്തിലേക്കും തീപടരുമോ എന്ന ആശങ്കയുണ്ടായിരുന്നു. റീ പ്ലാന്റ് ചെയ്ത്‌ മൂന്നുവർഷത്തോളം പ്രായമുള്ള തൈകളാണ് കത്തിനശിച്ച്. അടിക്കാട് കൂടുതലായതിനാൽ തീ പടരുകയായിരുന്നു. മരങ്ങളിലും വീണുകിടക്കുന്ന തടികളിലും മരക്കുറ്റികളിലും താഴ്ന്ന പ്രദേശങ്ങളിലെ ചപ്പുചവറുകളിലും പടർന്ന തീ പൂർണമായി കെടുത്താനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe