ഓസ്ട്രേലിയയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം 

news image
Jan 25, 2024, 9:27 am GMT+0000 payyolionline.in

കാൻബറ: ഓസ്ട്രേലിയയിൽ കടലിൽ മുങ്ങി നാല് ഇന്ത്യക്കാ‌ർക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയ വിക്ടോറിയയിലെ ഫിലിപ്പ് ഐലന്റ് ബീച്ചിലാണ് അപകടം. സംഭവത്തിൽ മൂന്നുസ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇതിൽ ഒരാൾ ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കാനെത്തിയതാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇന്ത്യൻ ഹൈക്കമ്മീഷനാണ് അപകടവിവരം അറിയിച്ചത്. 

 

ഓസ്ട്രേലിയയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഫിലിപ്പ് ദ്വീപിലാണ് സംഭവം. നീന്തുന്നതിനിടെ സംഘത്തിൽപ്പെട്ടവർ തിരയിൽപ്പെട്ട് മുങ്ങി. ഈ സമയം ബീച്ചിൽ  പട്രോളിങ്ങ് ഉണ്ടായിരുന്നില്ലെന്ന് വിക്ടോറിയ പൊലീസ് പറയുന്നു. കടലിൽ നിന്ന് രക്ഷിച്ച ശേഷം രക്ഷാപ്രവർത്തകർ നാല് പേർക്കും സിപിആർ നൽകിയെങ്കിലും എന്നാൽ രണ്ട് സ്ത്രീകളും പുരുഷനും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

 

മരിച്ച മൂന്ന് സ്ത്രീകളിൽ രണ്ട് പേർക്ക് 20 വയസ്സും, പുരുഷന് 40 വയസ്സുമായിരുന്നു പ്രായം. 43 കാരിയായ സ്ത്രീ ഓസ്‌ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു . മറ്റ് മൂന്ന് പേർ ഓസ്ട്രേലിയയിലെ സ്ഥിരതാമസക്കാരാണ്.

 

കടൽ ഗുഹകൾക്ക് പേരുകേട്ട ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഫോറസ്റ്റ് കേവ്സ് ബീച്ച്. ലൈഫ് ഗാർഡ് പട്രോളിംഗ് ഇല്ലാത്തതിനാൽ  ഇവിടെ നീന്തുന്നത് അപകടമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe