ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ സാമ്പത്തിക നഷ്ടം, പണമിടപാടുകാർ വീട്ടിലെത്തി ശല്യം ചെയ്യൽ തുടങ്ങി; മാലമോഷണം പദ്ധതിയിട്ട സഹോദരങ്ങൾ പിടിയിൽ

news image
Oct 8, 2025, 10:17 am GMT+0000 payyolionline.in

മലപ്പുറം: സ്ത്രീകളെ ആക്രമിച്ച് സ്വർണ്ണമാല കവര്‍ന്ന കേസില്‍ സഹോദരങ്ങൾ മലപ്പുറം ചുങ്കത്തറയില്‍ പൊലീസ് പിടിയിലായി. പൂക്കോട്ടുമണ്ണ അനാടത്തിൽ തോമസ് എന്ന ജോമോൻ, സഹോദരൻ മാത്യു എന്ന ജസ്മോനുമാണ് അറസ്റ്റിലായത്. തോമസ് ബി‌ടെക് ബിരുദധാരിയും മാത്യു ബിബിഎ ബിരുദധാരിയുമാണ്.

ഓൺലൈൻ ട്രേഡിങ്ങിലൂടെ ഇവർക്ക് ഉണ്ടായത് വലിയ സാമ്പത്തിക നഷ്ടമായിരുന്നു. സ്വകാര്യ പണമിടപാടുകാർ വീട്ടിലെത്തി ശല്യം ചെയ്യൽ പതിവായി തുടങ്ങി. പരിഹാരം ആലോചിച്ച സഹോദരന്മാര്‍ അവസാനം മോഷണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. സ്വര്‍ണത്തിന് ദിവസവും വില കൂടി വരുന്ന സാഹചര്യത്തില്‍ പ്രായമായ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് ഇരുവരും ഒന്നിച്ച് തീരുമാനമെടുത്തത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ തോമസ് എടക്കരയിലെ ഷോപ്പിംഗ് കോംപ്ലക്സിലെത്തി ക്ലീനിംഗ് തൊഴിലാളിയായ ഖദീജയുടെ മാല പൊട്ടിച്ചെടുത്തു. ഓടി വന്ന് താഴെ റോഡില്‍ കാത്തു നിന്ന സഹോദരൻ മാത്യുവിന്‍റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ചുങ്കത്തറ കളക്കുന്നിൽ ലീല എന്ന സ്ത്രീയുടെ വീട്ടിലെത്തിയ തോമസ് ഇവരുടെ മാലയും ഇതുപോലെ ബലമായി പൊട്ടിച്ചെടുത്തു സഹോദരന്‍റെ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

സമാന രീതിയിലുള്ള കവര്‍ച്ചയില്‍ പൊലീസ് ഉടൻ തന്നെ അന്വേഷണം ശക്തമാക്കി. സിസിടിവിയും ഫോൺ ലൊക്കേഷനുമൊക്കെ പരിശോധിച്ച് പൊലീസ് വേഗം തന്നെ പ്രതികളിലേക്കെത്തി. കസ്റ്റഡിയില്‍ ചോദ്യം ചെയ്തതതില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒന്നാം പ്രതിയായ തോമസ് നേരത്തെ എറണാകുളത്ത് കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. പോത്തുകല്ലിലും ഇയാള്‍ക്കെതിരെ രാസലഹരി കേസുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe