കടത്തിൽ മുങ്ങിയ പാകിസ്ഥാന് ചൈനീസ് സഹായം; പാക് പഞ്ചാബിൽ കൂറ്റൻ ആണവനിലയം സ്ഥാപിക്കും

news image
Jun 20, 2023, 11:23 am GMT+0000 payyolionline.in

ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി 1,200 മെഗാവാട്ട് ആണവ നിലയം സ്ഥാപിക്കാൻ ചൈന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകും. ആണവ നിലയത്തിനായി 4.8 ബില്യൺ ഡോളറിന്റെ കരാറിൽ ചൈന ഒപ്പുവച്ചു.  പഞ്ചാബിലെ മിയാൻവാലി ജില്ലയിലെ ചഷ്മയിലാണ് ആണവ നില‌യം സ്ഥാപിക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഒപ്പുവെച്ചത്.

പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ആണവ നിലയ കരാറിൽ ഒപ്പുവെച്ചതെന്ന് പ്രധാനമന്ത്രി ഷെരീഫ് വിശേഷിപ്പിച്ചു. പദ്ധതി കാലതാമസം കൂടാതെ പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഊർജ പദ്ധതി വൈകിപ്പിച്ചതിന് ഇമ്രാൻ ഖാന്റെ കീഴിലുള്ള മുൻ സർക്കാരിനെ അദ്ദേഹം വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് 4.8 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ചൈന വാ​ഗ്ദാനം ചെയ്യുന്നത്. പദ്ധതിക്കായി ചൈനീസ് കമ്പനികൾക്ക് പ്രത്യേക ഇളവുകൾ നൽകിയിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു.

ചൈനയുടെയും മറ്റ് സൗഹൃദ രാജ്യങ്ങളുടെയും സഹായത്തോടെ പാകിസ്ഥാൻ നിലവിലെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. വായ്പ ലഭിക്കുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ച തുടരുകയാണന്നും ഐഎംഎഫ് മുന്നോട്ടുവെച്ച എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു. പാക് സർക്കാരിന് സഹായം നൽകിയതിന് സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ എന്നീ രാജ്യങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പാകിസ്ഥാൻ ആണവോർജ കമ്മിഷന്റെ കണക്കനുസരിച്ച് നിലവിലുള്ള നാല് പവർ പ്ലാന്റുകളുടെ ശേഷി 1,330 മെഗാവാട്ട് ഊർജോൽപദനമാണ്.

വിദേശ കടവും വിലക്കയറ്റവും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്ഥാൻ നേരിടുന്നത്. കടത്തിൽ നിന്ന് കരകയറാൻ സാമ്പത്തിക സഹായത്തിനായി പാക് സർക്കാർ ഐഎംഎഫിനെ സമീപിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe