തിരുവനന്തപുരം: ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് നാഗരയിലാണ് സംഭവം. നാഗര സ്വദേശി കെകെ ഭവനിൽ അനിൽ കുമാർ (55) , ഭാര്യ ഷീബ (50) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനിന്റെ ഹൂക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു രണ്ട് പേരുടെയും മൃതദേഹം. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദമ്പതികൾ പുറത്ത് വരാതിരുന്നതോടെ ബന്ധുവാണ് അന്വേഷിച്ചെത്തിയത്. ദമ്പതികളുടെ പേര് ആവര്‍ത്തിച്ച് വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ഇതോടെ ബന്ധു വാതിൽ തള്ളി തുറന്ന് അകത്ത് കയറി. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം കണ്ട ബന്ധു വിവരം ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ കാർഷിക സംയോജിക ജൈവ കർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റാണ് മരിച്ച അനിൽകുമാര്‍. വിതുര പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ചെയ്യാനുള്ള ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)