കടമെടുപ്പ് സംബന്ധിച്ച കേസ്: കേരളത്തിനായി ഹാജരായ കപിൽ സിബലിന് 75 ലക്ഷംരൂപ നൽകും

news image
Mar 9, 2024, 5:09 pm GMT+0000 payyolionline.in

തിരുവനന്തപുരം∙: സുപ്രീംകോടതിയിൽ കേരളത്തിനായി ഹാജരായതിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 75 ലക്ഷംരൂപ അനുവദിച്ചു. കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കേസിലാണ് കപിൽ സിബൽ ഹാജരായത്. കടമെടുക്കാൻ കേന്ദ്രം അനുവദിക്കാത്തതിനെ തുടർന്നാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. 13,608 കോടിരൂപ വായ്പയെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം കോടതിയിൽ സമ്മതിച്ചെങ്കിലും കടമെടുക്കാനുള്ള പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന്, സംസ്ഥാനവും കേന്ദ്രവും ചർച്ച നടത്താൻ കോടതി നിർദേശിച്ചിരുന്നു.

ഹർജി പിൻവലിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ വിമർശിച്ച കോടതി, അതു സംസ്ഥാനത്തിന്റെ അവകാശമാണെന്നു വ്യക്തമാക്കിയിരുന്നു. കേന്ദ്രവുമായുള്ള കടമെടുപ്പ് ചർച്ച കഴിഞ്ഞ ദിവസം പരാജയപ്പെട്ടതിനെ തുടർന്ന് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങുന്നത്. കേന്ദ്രം അനുവാദം നൽകിയ 13,608 കോടിരൂപ സമയബന്ധിതമായി കടമെടുക്കാനാകുമോയെന്നും ആശങ്കയുണ്ട്.

13,608 കോടി രൂപ കൊണ്ടു ധനപ്രതിസന്ധി തീരില്ലെന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കപിൽ സിബലും സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും സുപ്രീം കോടതിയെ അറിയിച്ചു. ഹർജി പിൻവലിക്കണമെന്നതൊഴികെ നിയമപരമായ മറ്റ് ഉപാധികൾ വയ്ക്കാവുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇനി ചർച്ച നടത്തുമ്പോൾ കേസ് നിലനിൽക്കുന്നതു പരിഗണിക്കാതെ തുറന്ന മനസ്സോടെ വേണമെന്നും ബെഞ്ച് നിർദേശിച്ചു. എന്നാൽ, ഇടക്കാല ഉത്തരവിടുന്നതിനെ കേന്ദ്രം എതി‍ർത്തു. ചർച്ചയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കും. തിങ്കളാഴ്ച ലിസ്റ്റ് ചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോൾ ചർച്ചയ്ക്കു ശേഷം ബെഞ്ചിൽ ഉന്നയിക്കാൻ കോടതി അനുമതി നൽകി. കോടതി അടിയന്തര വാദം കേട്ട് തീർപ്പു പറയുകയല്ലാതെ മറ്റു വഴികൾക്കുള്ള സാധ്യത വിരളമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe