കടയില്‍ ചത്ത കോഴികളെ കണ്ട സംഭവത്തില്‍ വിശദീകരണം; മാനനഷ്ടക്കേസുമായി കടയുടമ ഹൈക്കോടതിയില്‍

news image
Nov 18, 2022, 9:55 am GMT+0000 payyolionline.in

കോഴിക്കോട്:  ചത്ത കോഴികളെ വിൽപനയ്ക്കെത്തിച്ചെന്ന് ആരോപണമുയർന്ന കടയുടമ മാനനഷ്ടക്കേസുമായി ഹൈക്കോടതിയില്‍. കോഴിക്കോട് നഗരത്തില്‍ ചത്ത കോഴികളെ വില്‍പനയ്ക്കെത്തിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ രണ്ടാഴ്ച മുന്‍പാണ് സി പി റഷീദ് എന്നയാളുടെ സ്ഥാപനം കോഴിക്കോട് കോര്‍പ്പറേഷന്‍ അടപ്പിച്ചത്. കടയില്‍ ചത്ത കോഴികളെ കണ്ടെത്തിയ സംഭവത്തില്‍ റഷീദ് വിശദീകരണവും നല്‍കുന്നുണ്ട്.

 

സ്ഥിരമായി കോഴി വാങ്ങുന്ന തമിഴ്നാട്ടിലെ ഏജന്റിൽനിന്നല്ല ഇത്തവണ വാങ്ങിയത്. ലോഡുമായി വരുന്നതിനിടെ ലോറി തകരാറിലായി. ഏറെ നേരം കഴിഞ്ഞ് ലോഡുമായി സ്ഥാപനത്തിലേക്ക് എത്തുമ്പോള്‍ കോഴികള്‍ ചത്തിരുന്നു. എന്നാല്‍ അവയെ വില്‍ക്കാന്‍ ശ്രമിച്ചില്ല. പകരം മാലിന്യസംസ്കരണ കമ്പനിക്ക് കൈമാറാനിരിക്കുമ്പോഴാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പരിശോധന നടത്തുന്നതും.  ചത്ത കോഴികളെ പിടിച്ചെടുക്കുന്നതും. പരിശോധനയ്ക്കും കോര്‍പ്പറേഷന്‍റെ തുടര്‍നടപടിക്കും പിന്നില്‍ ചിക്കന്‍ വ്യാപാരി സമിതി നടത്തിയ ഗൂഡാലോചന ആണെന്നും റഷീദ് ആരോപിക്കുന്നു.

ലാഭം കുറച്ച് തന്‍റെ കടകളിലൂടെ കോഴി വില്‍ക്കുന്നതില്‍ ചിക്കന്‍ വ്യാപാരി സമിതിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഈ സംഘടനയുടെ ഭാരവാഹികള്‍ക്കെതിരെ അടക്കമാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതായും റഷീദ് അറിയിച്ചു. പൂട്ടിയ കട തുറക്കണമെന്നാവശ്യപ്പെട്ട് കോർപറേഷനെ എതിര്‍ കക്ഷിയാക്കി മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

അതേസമയം ചത്ത കോഴിയെ വില്‍പ്പനക്കെത്തിച്ച വ്യാപാരിക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍ കടയുടമയെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുന്നതായാണ് യുഡിഎഫിന്‍റെ ആരോപണം. ചത്ത കോഴികളെ വിൽപ്പന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി നേരത്തെ വ്യാപാര സമിതി രംഗത്തെത്തിയിരുന്നു. അസുഖം ബാധിച്ച കോഴികളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിസ്സാര വിലയ്ക്ക് കൊണ്ടു വന്നു വിൽക്കുന്നതാണ് കാരണമെന്നാണ് ചിക്കൻ വ്യാപാര സമിതി ആരോപിച്ചിരുന്നു.

ഇത്തരക്കാർ ഓഫറുകൾ നൽകി ചെറിയ വിലയ്ക്ക് ചിക്കൻ വിറ്റ് ആളുകളെ  കബളിപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സംഘടന തന്നെ പലപ്പോഴായി പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നും ചിക്കൻ വ്യാപാര സമിതി പ്രതികരിച്ചിരുന്നു. കടയില്‍ ചത്ത കോഴികളെ കണ്ടതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe