തിരുവനന്തപുരം: കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോളിങ് നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
വിഷാംശമുള്ള മാലിന്യങ്ങളാണ് കടൽത്തീരത്ത് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി തീരഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി കാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു.
മത്സ്യവിപണിയെ ഊർജിതപ്പെടുത്തുന്നതിനായി മത്സ്യസദ്യ പോലുള്ള ഫെസ്റ്റുകൾ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കും. നിലവിൽ 20 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ഈ നിയന്ത്രണം മാറ്റി കപ്പൽ മുങ്ങിയ ഭാഗത്ത് മാത്രമായി മത്സ്യ നിരോധനം ചുരുക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്
