അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ നിധീഷും വിജയനും, വിജയന്റെ മകൻ വിഷ്ണുവും(27) ചേർന്ന് 2016 ജൂലൈയിൽ ശ്വാസം മുട്ടിച്ച് കൊന്നിരുന്നു. തുടർന്ന് തൊഴുത്തിന്റെ സിമന്റ് തറയ്ക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബ് നിർമിച്ച് മൃതദേഹം മറവുചെയ്തു. എന്നാൽ, വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചതോടെ പിന്നീട് പിടിക്കപ്പെടുമോയെന്ന ഭയത്താൽ ഏതാനും ദിവസങ്ങൾക്ക് ശേഷം സ്ലാബ് പൊളിച്ച് മൃതദേഹം പുറത്തെടുത്തു. തുടർന്ന്, തെളിവുകൾ അവശേഷിപ്പിക്കാതെ പൂർണമായി നശിപ്പിച്ചെന്നാണ് വിവരം.
കാഞ്ചിയാർ കക്കാട്ടുകടയിലെ വീട്ടിൽനിന്ന് വിജയന്റെ മൃതദേഹം കണ്ടെടുത്ത ഞായറാഴ്ച തന്നെ വൈകിട്ടോടെ സാഗര ജങ്ഷനിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു. നിധീഷിനെ ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപും കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയും തിങ്കളാഴ്ചയും ചോദ്യം ചെയ്തു. 2023 ആഗസ്തിലാണ് വിജയൻ കൊല്ലപ്പെട്ടത്. ഈ കേസിൽ പ്രതിചേർക്കപ്പെട്ട ഭാര്യ സുമ(57) യേയും മകളെയും ചോദ്യം ചെയ്യും.
വിജയന്റെ മകളുടെ കൈവിറയൽ പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് നിധീഷ് ഇവരുമായി അടുത്തത്. ഇയാൾക്ക് വിജയന്റെ മകളിലുണ്ടായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ഈ കേസിൽ നിധീഷിനുപുറമേ വിജയനും വിഷ്ണുവും പ്രതികളാണ്. വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിനുള്ളിൽനിന്ന് ഞായറാഴ്ച കണ്ടെടുത്തിരുന്നു.