കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊല കേസിൽ തുടർച്ചയായ രണ്ടാം ദിവസവും തിരച്ചിൽ നടത്തിയിട്ടും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനായില്ല. മുഖ്യപ്രതി നിതീഷ്പൊലീസിനെ കുഴപ്പിച്ച് നിരന്തരം മൊഴിമാറ്റുകയാണ്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്‍റേതെന്ന് (58) കരുതുന്ന മൃതദേഹം കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ ഹാളിലെ തറ പൊളിച്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ് കുഞ്ഞിന്‍റെ മൃതദേഹത്തിനായി തിരച്ചിൽ ആരംഭിച്ചത്. വിജയന്‍റെ കൊലപാതകത്തിൽ ഭാര്യയെയും മകനെയും അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യും.
കട്ടപ്പനയിൽ നടന്ന മോഷണ ശ്രമത്തിനിടെ പിടിയിലായ നിതീഷിനെയും വിഷ്‌ണുവിനെയും ചോദ്യംചെയ്തതിനെ തുടർന്നാണ് വിഷ്‌ണുവിന്റെ പിതാവ് വിജയന്റെയും സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി രഹസ്യമായി മറവുചെയ്ത സംഭവം പുറത്താകുന്നത്. നിതീഷും വിജയന്‍റെ മകളും തമ്മിലുണ്ടായ ബന്ധത്തിൽ ജനിച്ച രണ്ടുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതായാണ് പ്രതികൾ സമ്മതിച്ചത്.
കൊല്ലപ്പെട്ട വിജയൻ നേരത്തേ താമസിച്ച കട്ടപ്പന സാഗര ജങ്ഷനിലുള്ള വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടെന്നാണ് നിതീഷ് ആദ്യം മൊഴി നൽകിയത്. ഞായറാഴ്ച നിതീഷിനെ ഈ വീട്ടിലെത്തിച്ച് പൊലീസ് കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പൊലീസ് നായ് എത്തി പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഞായറാഴ്ച രാത്രി ഏഴോടെ തിരച്ചിൽ നിർത്തി. തിങ്കളാഴ്ച രാവിലെ നിതീഷിനെചോദ്യംചെയ്ത ശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും നിതീഷ് മൊഴി മാറ്റി.
വിജയൻ താമസിച്ച വീടും സ്ഥലവും വിറ്റതറിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിൽനിന്ന് പുറത്തെടുത്ത് രഹസ്യമായി ദഹിപ്പിച്ചെന്നാണ് നിതീഷ് പറഞ്ഞത്. വീണ്ടും നിതീഷിനെയും വിഷ്‌ണുവിനെയും പൊലീസ് വിശദമായി ചോദ്യംചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലോടെ നിതീഷ് ആദ്യം കാണിച്ചു കൊടുത്ത സ്ഥലത്ത് വീണ്ടും പൊലീസ് കുഴിച്ച് വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.