വടകര: കടൽക്ഷോഭം തടയാൻ തീരദേശത്ത് നിർമിക്കുന്ന കടൽഭിത്തി നിർമാണം വെട്ടിച്ചുരുക്കി. പ്രവൃത്തി തുടങ്ങേണ്ട സ്ഥലത്തിലും അട്ടിമറി. കസ്റ്റംസ് ബീച്ചിനെ ഒഴിവാക്കി. 875 മീറ്റർ നീളത്തിൽ നിർമിക്കാൻ ടെൻഡർ നടപടികളായ കടൽ ഭിത്തിനിർമാണം 575 മീറ്ററായാണ് വെട്ടിച്ചുരുക്കിയത്.
ദൂരത്തിൽ കുറവ് വരാനിടയാക്കിയത് ജി.എസ്.ടിയുടെ പേരിലാണെന്നാണ് അധികൃതരുടെ വാദം. രൂക്ഷമായ കടൽക്ഷോഭം അനുഭവിക്കുന്ന കസ്റ്റംസ് ഓഫിസ്, തണൽ ഡയാലിസിസ് സെന്റർ, ഭിന്നശേഷി കുട്ടികളുടെ സ്കൂൾ മറ്റ് പ്രധാന സ്ഥാപനങ്ങളും നിരവധി ജനങ്ങൾ ഉൾപ്പെടുന്ന കസ്റ്റംസ് കടപ്പുറത്തെ ഒഴിവാക്കിയാണ് പ്രവൃത്തി .
2019 ൽ കടൽഭിത്തി പൂർണമായി നഷ്ടപ്പെട്ട മുകച്ചേരി (കസ്റ്റംസ്ബീച്ച്) സി.പി 2063 പ്രദേശത്ത് കടൽഭിത്തി പുനർ നിർമിക്കാൻ 4.97 കോടി രൂപ അനുവദിച്ചത്. 2021 മേയ് 18ന് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയത്.
എന്നാൽ, സി.പി 2058ൽനിന്ന് പ്രവൃത്തി തുടങ്ങാനുള്ള നടപടികളാണ് സ്വീകരിച്ചത്. ജി.എസ്.ടിയുടെ പേരിൽ ദൂരം വെട്ടിക്കുറച്ചപ്പോൾ സ്ഥലത്തിലുണ്ടായ മാറ്റം ആക്ഷേപങ്ങൾക്കിടയാക്കിയിട്ടുണ്ട്. നേരത്തെയുള്ളത് പ്രകാരം
മേഖലയിൽ കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. കടൽഭിത്തിക്കായി മൂന്നര പതിറ്റാണ്ട് മുമ്പ് പാകിയ കല്ലുകൾ മേഖലയിൽ പലയിടത്തും കടലെടുത്തു. സുരക്ഷിതമായ കടൽഭിത്തിക്ക് തീരദേശ വാസികളുടെ വർഷങ്ങളായുള്ള മുറവിളിക്ക് മുന്നിൽ അധികൃതർ കണ്ണടക്കുകയാണ്.