തിരുവനന്തപുരം : കഠിനംകുളത്ത് ആതിരയെന്ന യുവതിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തേടി പൊലീസ്. കൃത്യമായ, വ്യക്തമായ ഉത്തരം 40 മണിക്കൂറായിട്ടും പൊലീസിനില്ല. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൺ സുഹൃത്താണ് 30 കാരി ആതിരയെ കൊന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതി എവിടെയാണ് എന്നതിനെക്കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.
കൊലക്ക് ശേഷം പ്രതി കൊണ്ടുപോയ ആതിരയുടെ സ്കൂട്ടർ കണ്ടെത്താനായി എന്നത് മാത്രമാണ് അന്വേഷണത്തിൽ ഇതുവരെയുണ്ടായ പുരോഗതി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തിൽ പൂജാരിയായ ഭർത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഈ സമയങ്ങളിൽ യുവാവ് താമസിക്കാറുള്ള പെരുമാതുറയിലെ മുറിയിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് ഇയാൾ തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കിൽ ആതിരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം സുഹൃത്തുമായുള്ള ബന്ധം ഭർത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തിൽ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്കൂട്ടറുമെടുത്താണ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ വാഹനം വച്ച ശേഷം ട്രെയിൻ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിൻെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.