ദില്ലി: ബിഎസ്എൻഎല്ലിന്റെ പുതിയ ലോഗോ പുറത്തിറക്കി. പഴയ ലോഗയോടെ നിറം ഉള്‍പ്പെടെ മാറ്റിയുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. കാവി നിറമുള്ള വൃത്തത്തിനുള്ളിൽ ഇന്ത്യയുടെ ഭൂപടം പതിച്ചതാണ് പുതിയ ലോഗോ. ഇതോടൊപ്പം ആപ്തവാക്യത്തിൽ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നും ചേര്‍ത്തു. ദില്ലിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ പുറത്തിറക്കിയത്.
ചാര നിറത്തിലുള്ള വൃത്തവും അതിനെ ബന്ധിപ്പിക്കുന്ന ചുവന്ന നിറത്തിലും നീല നിറത്തിലുമുള്ള അമ്പ് അടയാളങ്ങളുടെയും നിറങ്ങള്‍ പുതിയ ലോഗോയിൽ മാറ്റിയിട്ടുണ്ട്. വൃത്തത്തിന് കാവി നിറവും അതിനുള്ളിലായി ഇന്ത്യയുടെ ഭൂപടവും നൽകിയിട്ടുണ്ട്. ഇതോടൊപ്പം അമ്പ് അടയാളത്തിന് വെള്ളയും പച്ചയും നിറമാണ് നൽകിയിരിക്കുന്നത്.
അതേസമയം, ലോഗോ മാറ്റത്തിൽ വിമര്‍ശനവുമായി തമിഴ്നാട് പിസിസി രംഗത്തെത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നും കണക്ടിംഗ് ഇന്ത്യ മാറ്റി കണക്ടിംഗ് ഭാരത് എന്ന് ആക്കിയതും ഈ അജണ്ടയുടെ ഭാഗമാണെന്നും തമിഴ്നാട് കോണ്‍ഗ്രസ് ആരോപിച്ചു. ബിഎസ്എൻഎല്‍ എന്ന് ഇംഗ്ലീഷിലുള്ള എഴുത്തിന് താഴെയുള്ള കണക്ടിങ് ഇന്ത്യ എന്നുണ്ടായിരുന്ന ആപ്തവാക്യമാണ് കണക്ടിങ് ഭാരത് എന്നാക്കിയത്.