കുണ്ടറ: കെ.എസ്.ആർ.ടി.സി ബസിന്റെ ഫുട്ബോർഡിൽ നിന്ന് കയറിനിൽക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായി കണ്ടക്ടറെ കടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരൻ. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ മുഖത്തല സ്വദേശി വിനു ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ ഇരവിപുരം പവിത്രം നഗർ ഇടംകുന്നേൽ ലക്ഷംവീട്ടിൽ അരുണി(28)നെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 11.10 ഓടെ കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിൽ ആയിരുന്നു സംഭവം. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. മറ്റ് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും തടസമായി ഫുഡ്ബോർഡിൽ നിന്നാണ് തുടക്കം മുതൽ ഇയാൾ യാത്ര ചെയ്തത്.
കണ്ടക്ടർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബസിലെ തിരക്ക് ചൂണ്ടിക്കാട്ടി ഇയാൾ പടികളിൽതന്നെ നിന്നു. എന്നാൽ, കേരളപുരത്ത് എത്തിയപ്പോൾ തിരക്ക് കുറഞ്ഞതോടെ കണ്ടക്ടർ വീണ്ടും അകത്ത് കയറി നിൽക്കാൻ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ പ്രതി കണ്ടക്ടറുടെ മുഖത്ത് നെറ്റിയിലായി കടിക്കുകയും മർദിക്കുകയുമായിരുന്നു.
യാത്രക്കാർ ഇടപെട്ടാണ് കണ്ടക്ടറെ രക്ഷിച്ചത്.
ശേഷം ബസ് കുണ്ടറ സ്റ്റേഷനിലേക്ക് വിടുകയും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. നെറ്റിയിൽ മുറിവേറ്റ വിനു കുണ്ടറ താലൂക്കാശുപത്രിയിലും തുടർന്ന് ജില്ല ആശുപത്രിയിലും ചികിത്സ തേടി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവിസ് തുടർന്നത്.
