കോഴിക്കോട്: തിരുവനനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് മാറ്റിയത്. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചുമതലകളില്‍നിന്ന് നീക്കികൊണ്ടുള്ള ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാത്രി ഭാസുരാംഗന്‍റെ വസതിയില്‍ ആരംഭിച്ച ഇഡി പരിശോധന ഇപ്പോഴും തുടരുകയാണ്.
ഭാസുരാംഗനെ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെ ഇന്ന് തിരുവനന്തപുരത്ത് സിപിഐ ജില്ല എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഭാസുരാംഗനെ സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയെന്ന് ജില്ല സെക്രട്ടറി അറിയിക്കുകയും ചെയ്തു. ഭാസുരാംഗനെ സിപിഐ പുറത്താക്കിയതിന് പിന്നാലെയാണ് മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് ചുമതലകളില്‍നിന്ന് കൂടി നീക്കിയതായി മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചത്.അതേസമയം, കണ്ടല ബാങ്കിലെ ഇ.ഡി പരിശോധന 27 മണിക്കൂർ പിന്നിട്ടു. ഭാസുരംഗന്‍റെ കണ്ടലയിലെ വീട്ടിലും ഇഡി പരിശോധന തുടരുകയാണ്. ഇതിനിടെ, തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടര്‍ന്ന്എൻ.ഭാസുരാംഗനെൃ വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘം എത്തിയത്. ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. 30 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന സിപിഐ നേതാവ് ഭാസുരാഗന്‍റെ നേതൃത്വത്തിൽ നടന്ന കോടിക്കകണക്കിന് രൂപയുടെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നിരുന്നു. ഈയിടെ ഭരണ സമിതി രാജിവച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായി. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ രണ്ടാഴ്ച മുൻപ് ഇഡിക്ക് കൈമാറിയിരുന്നു.