കണ്ണൂർ: കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിലേക്കുള്ള നഴ്‌സുമാരുടെ മാർച്ചിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎൻഎ ഭാരവാഹികളും കണ്ടാൽ അറിയാവുന്ന നൂറോളം പേരുമാണ് കേസിലെ പ്രതികൾ. അതേസമയം, എംഎൽഎയുടെ പേര് എഫ്ഐആറിൽ ഇല്ല. കേസെടുക്കുന്നതിനെ ചൊല്ലിയാണ് ടൗൺ എസ്ഐയും എംഎൽഎയും തമ്മിൽ ഇന്നലെ വാക്കേറ്റം ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സിവിൽ സ്റ്റേഷനിൽ എം.വിജിൻ എംഎൽഎയും ടൗൺ എസ്ഐ ടി.പി ഷമീലും തമ്മിൽ ഇന്ന് ഉച്ചയോടെയാണ് വാക്കേറ്റമുണ്ടായത്. പ്രതിഷേധ മാർച്ചുമായി കളക്ടറേറ്റ് വളപ്പിൽ കയറിയ നഴ്സുമാർക്കും ഉദ്ഘാടകനായ എംഎൽഎയ്ക്കുമെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് പ്രകോപനമായത്. പിന്നാലെ സുരേഷ് ഗോപി കളിക്കരുതെന്നും പിണറായി വിജയന്‍റെ പൊലീസിന് നാണക്കേടുണ്ടാക്കരുതെന്നും എസ്ഐയോട് എംഎൽഎ കയർത്തു.
കേരള ഗവൺമെന്‍റ് നഴ്സസ് അസോസിയേഷന്‍റെ മാർച്ച് ഉദ്ഘാടകനായിരുന്നു എംഎൽഎ.ഉച്ചയ്ക്ക് സിവിൽ സ്റ്റേഷനിലേക്ക് മാർച്ചെത്തിയപ്പോൾ തടയാൻ പൊലീസുണ്ടായില്ല. തുറന്ന ഗേറ്റിലൂടെ സമരക്കാർ അകത്തുകയറി. കളക്ടറേറ്റ് വളപ്പിലായി ഉദ്ഘാടനം. എസ്ഐയും സംഘവും ഈ സമയത്തെത്തി. അകത്തു കയറിയവർക്കെതിരെയെല്ലാം കേസെടുക്കുമെന്ന് പറഞ്ഞതോടെ വാക്കേറ്റമുണ്ടായി. സുരക്ഷയൊരുക്കാത്തത് പൊലീസിന്‍റെ വീഴ്ചയെന്നും അതിന്‍റെ പേരിൽ കേസും ഭീഷണിയും വേണ്ടെന്നും എംഎൽഎ പറഞ്ഞു. ഈ സമയം കേസെടുക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയുടെ അടുത്തെത്തി പേര് ചോദിച്ചു. ഇതും പ്രകോപനമായി. എസ്ഐ മൈക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും എംഎൽഎ ആരോപിച്ചു. വാക്കേറ്റത്തിന് പിന്നാലെ സമരക്കാരും മടങ്ങി. എസ്ഐക്കെതിരെ കമ്മീഷണർക്ക് എംഎൽഎ പരാതി നൽകി. സുരക്ഷാ വീഴ്ചയിലും വാക്കേറ്റത്തിലും ടൗൺ സിഐയോട് കമ്മീഷണർ വിശദീകരണം തേടിയിരുന്നു.