പയ്യോളി: പ്രകൃതിയുടെ കാവലാളായ കണ്ടൽക്കാടുകളെ അടുത്തറിയാനും അവയുടെ സംരക്ഷണം ഉറപ്പാക്കാനുമായി സംഘടിപ്പിച്ച ‘കാക്കാം കണ്ടലിനെ’ പുഴയോര യാത്ര ശ്രദ്ധേയമായി. നിയം ഫൗണ്ടേഷൻ, പരിസ്ഥിതി പയ്യോളി, സോഷ്യൽ ഫോറസ്ട്രി, പയ്യോളി നഗരസഭാ ഹരിതകർമസേന, വടകര കോസ്റ്റൽ പോലീസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കണ്ടൽവന പഠനയാത്ര സംഘടിപ്പിച്ചത്. മൂരാട് ഇരിങ്ങൽ പുഴയോരത്തെ പാച്ചാക്കലിൽ നിന്ന് ആരംഭിച്ച ഒന്നരക്കിലോമീറ്റർ യാത്രയിൽ പ്രകൃതിസ്നേഹികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കാളികളായി.
പുഴയോരത്തെ ശുചീകരണം, കണ്ടൽ സംരക്ഷണ പ്രതിജ്ഞ, തൈനടൽ എന്നിവ യാത്രയുടെ ഭാഗമായി നടന്നു. ഈ പ്രദേശത്ത് പ്രധാനമായും കാണപ്പെടുന്ന ഉപ്പട്ടി, ഭ്രാന്തൻ കണ്ടൽ, വള്ളിക്കണ്ടൽ എന്നീ ഇനങ്ങളെക്കുറിച്ചും അവയ്ക്കിടയിൽ വളരുന്ന കണ്ണാംപൊട്ടി, വയൽച്ചുള്ളി തുടങ്ങിയ സസ്യങ്ങളെക്കുറിച്ചും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ഇബ്രാഹിം വിശദീകരിച്ചു. വേലിയേറ്റ സമയത്ത് പുഴയിൽ നിന്ന് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും പഠനസംഘം നീക്കം ചെയ്തു.
പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ പരിപാടി ഉദ്ഘാടനം ചെയ്തു.
വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണലിൽ മോഹനൻ കണ്ടൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ കൗൺസിലർമാരായ രാജേഷ് കൊമ്മണത്ത്, രേവതി തുളസി, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അഖിൽ നാരായണൻ തുടങ്ങിയ പ്രമുഖർ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കണ്ടൽക്കാടുകൾ നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും ചർച്ച ചെയ്ത യാത്ര വരുംതലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കണമെന്ന സന്ദേശമുയർത്തിയാണ് സമാപിച്ചത്.
