കഴിഞ്ഞ മാസം അതിര്‍ത്തിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനോട് പാകിസ്ഥാൻ കാട്ടിയ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത്. 21 ദിവസം കസ്റ്റഡിയിലായിരുന്ന ജവാൻ്റെ കണ്ണ് പാകിസ്ഥാൻ മൂടിക്കെട്ടിയിരിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇദ്ദേഹത്തെ ഉറങ്ങാൻ സമ്മതിച്ചിരുന്നില്ലെന്നും യാതൊരു കാരണവുമില്ലാതെ അസഭ്യം പറഞ്ഞതായുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെയാണ് പാകിസ്ഥാൻ ജവാനെ മോചിപ്പിച്ചത്. രാവിലെ 10:30 ഓടെ അമൃത്സറിലെ അട്ടാരി ജോയിന്‍ ചെക്ക് പോസ്റ്റ് വഴിയാണ് ജവാനെ ഇന്ത്യക്ക് കൈമാറിയത് എന്ന് ബിഎസ്എഫ് വ്യക്തമാക്കി.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമായതോടെ പൂര്‍ണം കുമാര്ഷായുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍ ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ എത്തിയതോടെയാണ് മോചനം സാധ്യമായത്. ജവാനെ വിട്ടുകിട്ടിയതോടെ ഇന്ത്യന്‍ സേനയുടെ പിടിയിലായിരുന്ന പാക്ക് റേഞ്ചറേയും ഇന്ത്യ പാക്കിസ്ഥാന് കൈമാറി.