കണ്ണൂർ: റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനുകൾക്ക് നേരെ കല്ലേറ്. ഞായറാഴ്ച രാത്രിയാണ് സംഭവം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേരെയാണ് കല്ലേറുണ്ടായത്. നേത്രാവതിയുടെ എ വൺ എസി കോച്ചിന്റെ ഗ്ലാസിന് പോറലേറ്റു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അൽപസമയം കഴിഞ്ഞയുടനെയാണ് കല്ലേറുണ്ടായത്.
ചെന്നൈ സൂപ്പർ ഫാസ്റ്റിന്റെയും ഗ്ലാസിലാണ് കല്ല് പതിച്ചത്. കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിലാണ് സംഭവം. ശബ്ദംകേട്ട് യാത്രക്കാർ ടി.ടി.ആറിനെ വിവരമറിയിക്കുകയായിരുന്നു. നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപം ഓക്ക, എറണാകുളം എക്സ്പ്രസ് ട്രെയിനുകൾക്ക് നേരെയും കല്ലേറുണ്ടായതായി പറയുന്നു. നേരത്തെയും കണ്ണൂരിലും പരിസരങ്ങളിലും വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.
കഴിഞ്ഞവർഷം മൂകാംബിക സന്ദർശനത്തിന് ശേഷം ട്രെയിനിൽ മടങ്ങവെ കോട്ടയം സ്വദേശിനി 12കാരിക്ക് കല്ലേറിൽ തലക്ക് പരിക്കേറ്റിരുന്നു. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ യാത്രചെയ്യവെ കണ്ണൂർ സൗത്തിനും എടക്കാടിനുമിടയിലാണ് അന്ന് കല്ലേറുണ്ടായത്. കണ്ണൂരിനും വളപട്ടണത്തിനുമിടയിലും കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിലും റെയിൽവേ സംരക്ഷണസേനയും റെയിൽവേ പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.