കണ്ണൂരിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണ ശേഖരം കണ്ടെത്തി

news image
Jul 13, 2024, 5:38 am GMT+0000 payyolionline.in
ശ്രീകണ്ഠപുരം: ചെങ്ങളായി പരിപ്പായി ഗവ. യുപി സ്‌കൂളിന് സമീപത്തുനിന്ന്‌ പതിറ്റാണ്ടുകൾ പഴക്കമുള്ള  സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടെത്തി. പുതിയപുരയിൽ താജുദ്ദീന്റെ റബർ തോട്ടത്തിൽനിന്ന്‌ തൊഴിലുറപ്പു തൊഴിലാളികൾക്കാണ്‌ ആഭരണങ്ങൾ  ലഭിച്ചത്.

17 മുത്തുമണി, 13 സ്വർണലോക്കറ്റ്‌, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയകാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളി നാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന വസ്‌തു എന്നിവയാണ്‌ വ്യാഴം വൈകിട്ട്‌  ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡിലെ  തൊഴിലുറപ്പ് തൊഴിലാളികൾ റബർ തോട്ടത്തിൽ മഴക്കുഴി നിർമിക്കുന്നതിനിടെ  കണ്ടെത്തിയത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയിൽപ്പെട്ടത്. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും.

തുടർന്ന് തൊഴിലാളികൾ പൊലീസിൽ വിവരമറിയിച്ചു. എസ്ഐ എം വി ഷിജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഇവ കസ്റ്റഡിയിലെടുത്തു. തുടർന്ന് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തുവകുപ്പിന്റെ പരിശോധനയിൽ മാത്രമേ ഇവ നിധിയാണോയെന്ന് സ്ഥിരീകരിക്കാനാവൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe