എടക്കാട്: കണ്ണൂർ-തോട്ടട-നടാൽ-തലശ്ശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ ചൊവ്വാഴ്ചമുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുമെന്ന് ബസുടമകളുടെ സംഘടനാ ഭാരവാഹികൾ അറിയിച്ചു.
സമരം ആരംഭിച്ചാൽ ഇതുവഴിയുള്ള യാത്രാക്ലേശം രൂക്ഷമാകും. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ, ജോലിക്ക് പോകുന്ന സ്ത്രീകൾ ഉൾപെടെയുള്ള തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവരുടെ യാത്ര അതീവ ദുരിതമാകും. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഇതുവഴി ഓടുന്ന പ്രാദേശിക ഓർഡിനറി ബസുകളും ഓട്ടം നിർത്തിവെക്കുമെന്നാണ് സമരസമിതി ഭാരവാഹികൾ പറയുന്നത്.
കണ്ണൂർ ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് പോകേണ്ട ബസുകൾ നടാൽ ഗേറ്റ് കടന്നാൽ തലശ്ശേരിയിലേക്കുള്ള സർവിസ് റോഡിലേക്ക് കടക്കാൻ ഏഴു കിലോമീറ്ററിലധികം കൂടുതലായി ഓടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്ന പരിഹാരത്തിന് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ബസുകൾ ഓട്ടം നിർത്തിയുള്ള സമരത്തിന് തയാറെടുക്കുന്നത്.
കണ്ണൂർ ജില്ല ആശുപത്രികളിലേക്ക് പോകുന്ന സ്വകാര്യ ബസുകളും ചക്കരക്കല്ലിൽനിന്ന് കാടാച്ചിറ-എടക്കാട് വഴി തലശ്ശേരിയിലേക്കു പോകുന്ന ബസുകളും സമരത്തിൽ പങ്കെടുത്ത് ഓട്ടം നിർത്തിവെക്കുമെന്ന് ഉടമകൾ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് തോട്ടട ബസാറിൽ പ്രതിഷേധയോഗവും ചേരുന്നുണ്ട്.
പ്രശ്ന പരിഹാരത്തിന് നടാൽ ഗേറ്റ് കഴിഞ്ഞ ഉടനെ ഒ. കെ.യു.പി സ്കൂളിന് സമീപത്തായി മറുവശം സർവിസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് അടിപ്പാത നിർമിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിഷയത്തിൽ വിവിധ ഘട്ടങ്ങളിലായി സമരങ്ങൾ നടത്തിയെങ്കിലും ഒരു തരത്തിലുള്ള പ്രായോഗിക തീരുമാനങ്ങളും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഓട്ടം നിർത്തിയുള്ള സമരത്തിന് നിർബന്ധിതരായിരിക്കുന്നതെന്നാണ് ബസ് ഉടമകൾ പറയുന്നത്.
നിലവിൽ ദേശീയ പാതയുടെ ഈ ഭാഗത്തെ നിർമാണ പ്രവർത്തനം റോഡ് ടാറിങ് ഉൾപ്പെടെ പൂർത്തീകരിക്കപ്പെട്ടിരിക്കുന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ്.ഇവിടെ അടിപ്പാത ആവശ്യമുന്നയിച്ച് ഒ.കെ.യു.പി സ്കൂൾ പരിസരം കേന്ദ്രീകരിച്ച് കർമസമിതിയും പ്രതിഷേധ സമരത്തിലാണ്. സമരത്തിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ എൻ.എച്ച് ഓഫിസിലേക്ക് ചൊവ്വാഴ്ച മാർച്ചും നടത്തുമെന്ന് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ജനറൽ കൺവീനർ രാജ് കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരൻ, കെ.പി. മുരളീധരൻ, ഇ. മോഹനൻ, പി. അജിത്ത് കുമാർ, കെ.പി. മോഹനൻ, ട്രേഡ് യൂനിയൻ നേതാക്കളായ എൻ. മോഹനൻ, താവം ബാലകൃഷ്ണൻ, കെ.വി. ശ്രീജിത്ത്, വി.വി. ശശീന്ദ്രൻ, രജിമോൾ, പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.