കണ്ണൂർ മെഡി. കോളജ് കാമ്പസില്‍ തീപിടിത്തം

news image
Feb 26, 2025, 7:49 am GMT+0000 payyolionline.in

പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്പസില്‍ വന്‍ തീപിടിത്തം. മൂന്നിടങ്ങളിലായി ആറേക്കറോളം സ്ഥലം കത്തിനശിച്ചു. തീ മെഡിക്കല്‍ കോളജ് ഭരണവിഭാഗം ഓഫിസ് കെട്ടിടത്തിന് സമീപത്തേക്ക് പടര്‍ന്നുകയറിയത് പരിഭ്രാന്തി പരത്തി. ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി തീയിട്ടപ്പോള്‍ കാറ്റില്‍ പടര്‍ന്നുകയറുകയായിരുന്നുവെന്നു പറയുന്നു.

തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തില്‍നിന്ന് ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സേന മൂന്ന് മണിക്കൂറോളം കഠിനപരിശ്രമം നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മെഡിക്കല്‍ കോളജ് പ്രധാന കെട്ടിടത്തിന് സമീപം നാലേക്കര്‍ സ്ഥലവും മറ്റ് രണ്ടിടങ്ങളിലായി ഓരോ ഏക്കര്‍ വീതവുമാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയുടെ വാഹനം ചെന്നെത്താന്‍ കഴിയാതെവന്നതും കനത്ത കാറ്റും തീകെടുത്തുന്നതിന് തടസ്സമായി.

മുമ്പ് വേനൽക്കാലം തുടങ്ങുന്നതിനുമുമ്പ് ഫയര്‍ബെല്‍റ്റ് നിര്‍മിക്കാറുണ്ടെങ്കിലും ഇത്തവണ അത് ചെയ്യാത്തതാണ് തീ പടരാന്‍ കാരണമായതെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഫയര്‍-റെസ്‌ക്യൂ ഓഫിസര്‍മാരായ എം.ജി. വിനോദ്കുമാര്‍, പാലവിള അനീഷ്, സി. അഭിനേഷ്, ജി. കിരണ്‍, വി. ജയന്‍, പി. ചന്ദ്രന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe