കണ്ണൂർ: എം.വി ജയരാജന് പകരം പുതിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിന് ശേഷം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചിരുന്നില്ല. ഇതും ഇന്നത്തെ യോഗത്തിൽ രൂപികരിക്കും.
നിലവിലുണ്ടായിരുന്ന ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചതിനെ തുടർന്നാണ് കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ രാഗേഷിനും എം. പ്രകാശൻ മാസ്റ്റർക്കുമാണ് സാധ്യത കൂടുതൽ. കൂടാതെ ടി.വി രാജേഷിന്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് വന്നിരുന്നു.
എം.വി ജയരാജൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചപ്പോൾ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി.വി രാജേഷിന് നൽകിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടി.വി രാജേഷ് നേതൃത്വത്തിന് സ്വീകാര്യനല്ല. വിഭാഗീയത രൂക്ഷമായ പയ്യന്നൂരിൽ ഏരിയാ സെക്രട്ടറിയുടെ ചുമതല നൽകിയ ഘട്ടത്തിൽ ടി.വി രാജേഷ് വിഷയത്തിൽ കൃത്യമായി ഇടപെട്ടില്ല എന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്.