കണ്ണൂർ സീറ്റിന് കടുത്ത മത്സരം; ആരാകും കണ്ണൂരിൽ സ്ഥാനാർത്ഥി? മത്സരിക്കുമെന്ന് കെ സുധാകരൻ എംപി

news image
Jan 3, 2026, 5:46 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ സീറ്റിൽ കണ്ണുവച്ച് അര ഡസനോളം കോൺഗ്രസ് നേതാക്കൾ. താൻ മത്സരിക്കുമെന്ന അവകാശവുമായി കെ സുധാകരൻ എംപിയും ഇറങ്ങിയതോടെ കളംനിറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ യുഡിഎഫിന് ഉള്ളത്. എംപി സ്ഥാനം കളഞ്ഞ് എംഎൽഎ ആകണമെന്നും അധികാരം കിട്ടിയാൽ മന്ത്രി ആകണമെന്നും കെ സുധാകരന് മോഹം ഉണ്ട്. നേതാക്കളിൽ പലരോടും അത് പറഞ്ഞിട്ടുമുണ്ട്. കെ സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാന്റിന്റെ അനുമതി ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പ്രചരിപ്പിക്കുന്നത്.

 

അങ്ങനെ ഇളവ് നൽകിയാൽ നാലഞ്ച് എംപിമാർ കൂടി നിയമസഭയിലേക്ക് ഇറങ്ങാൻ തയ്യാറായി നിൽക്കുന്നതിനാൽ കെപിസിസി നേതൃത്വം അനുകൂലമല്ല. മുൻ മേയർ ടിഒ മോഹനൻ, കോർപ്പറേഷൻ കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് കണ്ണൂരിൽ കണ്ണുവെച്ചിട്ടുള്ളത്. കോർപ്പറേഷനിൽ തുടർഭരണം കിട്ടിയതിന്റെ ക്രെഡിറ്റ് കൂടി ടി ഓ മോഹനന്റെ അവകാശത്തിന് ശക്തിപകരും. ആദി കടലായി ഡിവിഷനിലെ മിന്നുന്ന വിജയമാണ് റിജിൽ മാക്കുറ്റിക്ക് മാറ്റ് കൂട്ടുന്നത്. 91ൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച് മന്ത്രിയായ എൻ രാമകൃഷ്ണന്റെ മകൾ അമൃതാ രാമകൃഷ്ണൻ മുൻ കൗൺസിലർ കൂടിയാണ്.

കെഎസ്‌യു ഉപാധ്യക്ഷൻ ആണെങ്കിലും കണ്ണൂർ മണ്ഡലം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഇടപെടലാണ് മുഹമ്മദ് ഷമ്മാസും നടത്തിവരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാൽ ലക്ഷത്തിലധികം ഭൂരിപക്ഷവും തദ്ദേശ തെരഞ്ഞെടുപ്പിൽ 15000 അടുത്ത് ലീഡും കണ്ണൂർ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ട്. എതിർപക്ഷത്ത് ഈ കുറിയും രാമചന്ദ്രൻ കടന്നപ്പള്ളി തന്നെയാകാനാണ് സാധ്യത. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2000 വോട്ടിന് താഴെയുള്ള നേരിയ ഭൂരിപക്ഷത്തിലാണ് കണ്ണൂർ മണ്ഡലം യുഡിഎഫിന് നഷ്ടമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe