സിബിഎസ്ഇ സ്കൂൾ വിദ്യാർഥികൾക്കായി അന്താരാഷ്ട്ര കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ നടത്തുന്ന 55-ാമത് അന്താരാഷ്ട്ര കത്തെഴുത്ത് മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളെയും ബോർഡ് ക്ഷണിച്ചു.
തപാൽ വകുപ്പുമായി സഹകരിച്ചാണ് ദേശീയ തലത്തിൽ മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 13-ന് പുറത്തിറത്തിറക്കിയ സർക്കുലറിലാണ് സിബിഎസ്ഇ വിവരങ്ങൾ പങ്കുവെച്ചത്.
‘why human connection matters in a digital world’ എന്നതാണ് ഈ വർഷത്തെ വിഷയം. സാങ്കേതിക വിദ്യയുടെ അതിപ്രസരമുള്ള കാലഘട്ടത്തിൽ വൈകാരിക ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയതലത്തിലും സർക്കിൾ തലത്തിലും മികച്ച കത്തുകൾക്ക് വൻതുക സമ്മാനമായി ലഭിക്കും.
⭕ ദേശീയതലം:
➡️ഒന്നാം സമ്മാനം: 50,000 രൂപയും സർട്ടിഫിക്കറ്റും.
➡️രണ്ടാം സമ്മാനം: 25,000 രൂപയും സർട്ടിഫിക്കറ്റും.
➡️മൂന്നാം സമ്മാനം: 10,000 രൂപയും സർട്ടിഫിക്കറ്റും.
⭕ സർക്കിൾ തലം:
➡️ഒന്നാം സമ്മാനം: 25,000 രൂപ.
➡️രണ്ടാം സമ്മാനം: 10,000 രൂപ.
➡️മൂന്നാം സമ്മാനം: 5,000 രൂപ.
ദേശീയതലത്തിൽ ഒന്നാമതെത്തുന്ന കത്താണ് അന്താരാഷ്ട്ര മത്സരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി അയക്കുക. അന്താരാഷ്ട്ര തലത്തിൽ സ്വർണ മെഡൽ നേടുന്ന വിജയിക്ക് സ്വിറ്റ്സർലൻഡിലെ ബെർണിലുള്ള യു.പി.യു. ആസ്ഥാനം സന്ദർശിക്കാനുള്ള അവസരമോ അല്ലെങ്കിൽ മറ്റ് ആകർഷകമായ സമ്മാനങ്ങളോ ലഭിക്കും.
▪️ഇംഗ്ലീഷിലോ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട മലയാളം ഉൾപ്പടെയുള്ള ഏതെങ്കിലും ഇന്ത്യൻ ഭാഷയിലോ കത്തുകൾ തയ്യാറാക്കാം.
▪️സ്കൂളുകൾ അതത് മേഖലകളിലെ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെട്ട് വേണം മത്സരങ്ങൾ സംഘടിപ്പിക്കാൻ.
▪️വിദ്യാർഥികളിൽ സർഗ്ഗാത്മകതയും സഹാനുഭൂതിയും വളർത്താൻ ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്ന് സി.ബി.എസ്.ഇ. സർക്കുലറിൽ വ്യക്തമാക്കി.
▪️കൂടുതൽ വിവരങ്ങൾക്കും നോഡൽ ഓഫീസർമാരുടെ പട്ടികയ്ക്കുമായി ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
