കനത്ത പോളിങ്ങോടെ കേരളം വിധിയെഴുതി; ഇനി കാത്തിരിപ്പിന്റെ 25 ദിനങ്ങൾ, വിധി മെയ് നാലിന്

news image
Apr 9, 2026, 1:33 pm GMT+0000 payyolionline.in

തിരുവനന്തപുരം: ആഴ്ചകൾ നീണ്ട വാശിയേറിയ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് പൂർത്തിയാക്കി. പൊള്ളുന്ന ചൂടിനെ അവഗണിച്ചും വോട്ടർമാർ കൂട്ടത്തോടെ ബൂത്തുകളിലെത്തിയതോടെ സംസ്ഥാനത്ത് മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകിട്ട് അഞ്ച് മണി വരെയുള്ള കണക്കുകൾ പ്രകാരം വോട്ടിംഗ് ശതമാനം 75 കടന്നിട്ടുണ്ട്. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ 2021-നേക്കാൾ ഉയർന്ന പോളിംഗ് ശതമാനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ആറ് മണിയോടെ വോട്ടെടുപ്പിന്റെ ഔദ്യോഗിക സമയപരിധി അവസാനിച്ചെങ്കിലും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തുടരുന്നതിനാൽ ടോക്കൺ ലഭിച്ചവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകി. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.

കേരളത്തിന് പുറമെ ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് ആരോപണങ്ങളും ഒറ്റപ്പെട്ട സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാദാപുരം മണ്ഡലത്തിലെ വാണിമേൽ എം.യു.പി സ്‌കൂളിൽ മറ്റൊരാളുടെ തിരിച്ചറിയൽ കാർഡുമായി വോട്ട് ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ച് പിടികൂടി. ചിറ്റൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥിച്ച് പോസ്റ്റ് വന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നു. തന്റെ അറിവോടെയല്ല പോസ്റ്റ് വന്നതെന്ന വിശദീകരണവുമായി സ്ഥാനാർത്ഥി പിന്നീട് രംഗത്തെത്തി.

കാസർകോട് തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ചതായി പരാതി ഉയർന്നു. ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ രതിലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിംഗ് അവസാനിച്ചതോടെ വോട്ടിംഗ് യന്ത്രങ്ങൾ കനത്ത സുരക്ഷയിൽ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിത്തുടങ്ങി. വരും ദിവസങ്ങളിൽ മുന്നണികൾ വോട്ടുനില സംബന്ധിച്ച കൂട്ടിക്കിഴിക്കലുകളുമായി സജീവമാകും. മെയ് നാലിന് മാത്രമേ കേരളത്തിന്റെ ഭരണവാതിൽ ആർക്ക് മുന്നിലാണ് തുറക്കുകയെന്ന് വ്യക്തമാകൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe