ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും മട്ടാഞ്ചേരി പാലത്തിലേക്ക് മരം കടപുഴകി വീണ് സ്കൂട്ടറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് പരിക്ക്. ആലപ്പുഴ സ്വദേശി ഉനൈസിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് വിവരം. റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ മഴ പെയ്തപ്പോൾ ഇരുവരും വാഹനം റോഡരികിലൊതുക്കി വെയ്റ്റിംഗ് ഷെഡിൽ കയറി നിൽക്കുകയായിരുന്നു. മഴ മാറിയപ്പോൾ തിരിച്ച് വണ്ടിയിലേക്ക് കയറാൻ പോകുന്നതിനിടെയാണ് മരം വീണത്. നാട്ടുകാർ ഉടനെ ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
