കനത്ത പേമാരിയിലും കൊടുങ്കാറ്റിലും പെട്ട് ദില്ലിയിലും ഉത്തർപ്രദേശിലും കഴിഞ്ഞ 32 മണിക്കൂറിൽ മരിച്ചവരുടെ എണ്ണം 50 കടന്നെന്ന് അധികൃതർ. ഔദ്യോഗിക കണക്കുകൾ പ്രകാരം, കൊടുങ്കാറ്റിലും ഇടിമിന്നലിലും 17 സ്ത്രീകളും 33 പുരുഷന്മാരും ഉൾപ്പെടെ 50 പേരാണ് മരിച്ചത്. ഇലക്ട്രിക് ലൈനിൽ സ്പർശിച്ചും മഴയത്തുണ്ടായ വെള്ളക്കെട്ടിൽ വീണും വെള്ളക്കെട്ടിൽ വാഹനം മുങ്ങിയുമാണ് ചിലർ മരിച്ചതെന്നാണ് അധികൃതർ പറയുന്നത്. 21 ജില്ലകളെയാണ് കൊടുങ്കാറ്റ് ബാധിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീഴുകയും നിരവധി സ്ഥലങ്ങളിൽ ഗതാഗത തടസമുണ്ടാവുകയും ചെയ്തു.
ഗാസിയാബാദ്, നോയിഡ, മൊറാദാബാദ്, മീററ്റ്, ബാഗ്പത് തുടങ്ങിയ പ്രദേശങ്ങളെയാണ് നാശനഷ്ടം ഏറ്റവും കൂടുതൽ ബാധിച്ചത്. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ ഒടിഞ്ഞു വീണതിനാൽ പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. വിവിധയിടങ്ങളിലായി നാശനഷ്ടങ്ങൾ വിലയിരുത്തുകയും ദുരിതബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.