കനത്ത മഴ; ഇന്ത്യ-കാനഡ പോരാട്ടം ടോസ് പോലും സാധ്യമാകാതെ ഉപേക്ഷിച്ചു

news image
Jun 15, 2024, 4:51 pm GMT+0000 payyolionline.in

ഫ്ലോറിഡ: ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരം മേശം കാലാവസ്ഥമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. കനത്ത മഴ മൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്. അഞ്ചോവര്‍ വിതമുള്ള മത്സരമെങ്കിലും സാധ്യമാവുമോ എന്ന് അമ്പയര്‍മാര്‍ പരിശോധിച്ചെങ്കിലും ഔട്ട് ഫീല്‍ഡിലെ പല ഭാഗങ്ങളും നനഞ്ഞു കുതിര്‍ന്നതിനാല്‍ കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സരം പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. നേരത്തെ സൂപ്പര്‍ 8 ഉറപ്പിച്ചതിനാല്‍ ഇന്ത്യക്കും സൂപ്പര്‍ 8 കാണാതെ പുറത്തായതിനാല്‍ കാന‍ഡക്കും മത്സരഫലം അപ്രധാനമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങള്‍ കഴിഞ്ഞാല്‍ സൂപ്പര്‍ 8 പോരാട്ടങ്ങളും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും വെസ്റ്റ് ഇന്‍ഡീസിലാണ് നടക്കുക. 19ന് അമേരിക്ക- ദക്ഷിണാഫ്രിക്ക മത്സരത്തോടെ തുടങ്ങുന്ന സൂപ്പര്‍ 8 പോരാട്ടങ്ങളില്‍ 20ന് ബാര്‍ബഡോസിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഫ്ഗാനിസ്ഥാനാനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

22ന് നടക്കുന്ന സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയും 24ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയെയും നേരിടും. രണ്ട് ഗ്രൂപ്പുകളായി നടക്കുന്ന സൂപ്പര്‍ 8 പോരാട്ടങ്ങളില്‍ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലെത്തുക.ഇന്നലെ ഇതേവേദിയില്‍ നടക്കേണ്ടിയിരുന്ന അമേരിക്ക-അയര്‍ലന്‍ഡ് മത്സരവും മോശം കാലാവസ്ഥ മൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു.

നേരത്തെ ഫ്ലോറിഡയില്‍ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-നേപ്പാള്‍ മത്സരം മഴമൂലം ഉപേക്ഷിച്ചത് ശ്രീലങ്കയുടെ സൂപ്പര്‍ 8 സാധ്യതകളെയും തകര്‍ത്തിരുന്നു. ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കുന്ന നാലാമത്തെ മത്സരമാണ് ഇന്ത്യ-കാനഡ പോരാട്ടം. നാളെ ഇതേ വേദിയില്‍ നടക്കേണ്ട പാകിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സരത്തിനും മഴ ഭീഷണിയാണ്. ഇരു ടീമുകളും സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായതിനാല്‍ മത്സരഫലം അപ്രധാനമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe