കനാലില്‍ ഒഴുകി അഴുകിയ നിലയില്‍ ദിവ്യ പഹൂജയുടെ മൃതദേഹം: തിരിച്ചറിഞ്ഞത് ടാറ്റൂ വഴി

news image
Jan 13, 2024, 1:36 pm GMT+0000 payyolionline.in

ഗുരുഗ്രാം ∙ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഹോട്ടലിൽവച്ച് ജനുവരി രണ്ടിന് കൊല്ലപ്പെട്ട മുൻ മോഡല്‍ ദിവ്യ പഹൂജയുടെ മൃതദേഹം പ്രതികൾ ഉപേക്ഷിച്ചത് പഞ്ചാബിലെ പട്യാലയിലെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് അറസ്റ്റിലായ ബൽരാജ് ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭക്ര കനാലിൽ ഉപേക്ഷിച്ച മൃതദേഹം ഏറെദൂരത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. പട്യാലയിൽനിന്ന് 270 കിലോമീറ്റർ അകലെ, ഹരിയാനയിലെ ടൊഹാനയിലാണ് അഴുകിയ നിലയിൽ മൃതശരീരം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

മുഖം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നു. ശരീരത്തിൽ പച്ചകുത്തിയ അടയാളങ്ങളിലൂടെയാണ് മൃതദേഹം കൊല്ലപ്പെട്ട ദിവ്യ പഹൂജയുടേതാണെന്ന് സ്ഥിരീകരിച്ചത്. കനാലിൽ കണ്ടെത്തിയ മൃതദേഹത്തിൽ‌ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു. ദിവ്യയുടെ പഴയ ചില ഫോട്ടോകളിൽ ഈ ടാറ്റൂ ദൃശ്യമായിരുന്നുവെന്നും ഇത് ഒത്തുനോക്കിയാണ് ഉറപ്പുവരുത്തിയതെന്നും ഗുരുഗ്രാമിലെ പൊലീസ് ഓഫിസർ മുകേഷ് കുമാർ പറഞ്ഞു. ഇതിനുപിന്നാലെ ദിവ്യയുടെ കുടുംബത്തെ വിവരമറിയിച്ചു. പോസ്റ്റുമോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ദിവ്യയുടെ മൃതദേഹം കണ്ടെത്തുന്നതിനായി വ്യാപക പരിശോധനയാണ് ഗുരുഗ്രാം പൊലീസ് നടത്തിയിരുന്നത്. കൊലപാതകത്തിൽ ഹോട്ടൽ ഉടമ അഭിജിത്ത് സിങ് ഉൾപ്പെടെ നാലുപേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിരുന്നു. അഭിജിത്ത്, ഓംപ്രകാശ്, ഹേംരാജ് എന്നിവർ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും ബൽരാജ് ഗിൽ വെള്ളിയാഴ്ചയുമാണ് അറസ്റ്റിലായത്. പ്രതികൾ അഭിജിത്തിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ബൽരാജിന്റെ കുറ്റസമ്മതത്തിലാണ് മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിൽ എറിഞ്ഞതായി തെളിഞ്ഞത്. അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ  ദിവ്യ പഹൂജ, അതു കാണിച്ച് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു കൊല.

ജനുവരി രണ്ടിന് അഭിജിത്തിന്റെ ഉടമസ്ഥതയിലുള്ള സിറ്റി പോയിന്റ് ഹോട്ടലിലായിരുന്നു കൊലപാതകം. ദിവ്യയുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കൂട്ടുപ്രതികള്‍ക്ക് അഭിജിത്ത് 10 ലക്ഷം രൂപ വീതം നൽകിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ മൃതദേഹം കാറിൽ കയറ്റി പോകുന്നതിന്റെയടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ദിവ്യയും അഭിജിത്തും മറ്റൊരാളും ജനുവരി രണ്ടിന് ഹോട്ടലിൽ എത്തുന്നതും, അന്നുരാത്രിയിൽ അഭിജിത്തും കൂട്ടാളികളും ചേർന്ന് ദിവ്യയുടെ മൃതദേഹം വലിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയിലുണ്ട്.

2016ലെ ഗുണ്ടാനേതാവ് സന്ദീപ് ഗഡോലി വ്യാജ ഏറ്റുമുട്ടൽ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹൂജ. സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. 2016 ഫെബ്രുവരി 6ന് മുംബൈയിലെ ഒരു ഹോട്ടലിൽ വച്ചുനടന്ന വ്യാജ ഏറ്റുമുട്ടലിൽ ഗഡോലി കൊല്ലപ്പെട്ട സംഭവത്തിൽ ദിവ്യ, ദിവ്യയുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പൊലീസ് പ്രതിചേർത്തിരുന്നു. ഇവർക്ക് കഴിഞ്ഞ വർഷം ജൂണിലാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe