കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഉത്തരവാദിത്വം ഏറ്റെടുത്ത് ‘ഇന്ത്യൻ സൈബർ ഫോഴ്സ്’

news image
Sep 28, 2023, 4:36 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് ഇന്ത്യൻ ഹാക്കർമാർ. ബ്രിട്ടിഷ് മാധ്യമമായ ‘ദ് ടെലിഗ്രാഫ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കനേഡിയൻ സേനയുടെ വൈബ്‌സൈറ്റ് പ്രവർത്തനരഹിതമായത്. ഇതിനു പിന്നാലെ ഇന്ത്യൻ സൈബർ ഫോഴ്സ് എന്ന സംഘം ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സ്ക്രീൻഷോട്ട് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവയ്ക്കുകയുമായിരുന്നു.

ഇന്ത്യ–കാനഡ ബന്ധം വഷളായതിനു പിന്നാലെ ഈ മാസം 21നു ഇന്ത്യൻ സൈബർ ഫോഴ്സ് ഹാക്കിങ് ഭീഷണി മുഴക്കിയിരുന്നു. ‘ഞങ്ങളുടെ കരുത്ത് അനുഭവിക്കാൻ തയാറാകൂ’ എന്നായിരുന്നു ഭീഷണി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍‍‍ഡോയുടെ പ്രസ്താവനകളിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

നാഷനൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് മീഡിയ റിലേഷൻസ് മേധാവി ഡാനിയേൽ ലെ ബൗത്തിലിയർ ആണ് കനേഡിയൻ സായുധ സേനയുടെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായെന്ന് അറിയിച്ചത്. സേനയുടെ മറ്റു സൈറ്റുകളുമായി ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റിന് ബന്ധമില്ലെന്നും കാര്യമായ പ്രശ്‌നങ്ങളുണ്ടായതിന്റെ സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയന്‍ സേന വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe