കോഴിക്കോട്: വടകര അഴിയൂരില്‍ 28 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കന് പിടിയില്‍. കന്യാകുമാരി കല്‍ക്കുളം സ്വദേശി പുല്ലാനിവിള വീട്ടില്‍ ദാസ്(48) ആണ് അറസ്റ്റിലായത്. അഴിയൂര്‍ പ്രീമെട്രിക് ഹോസ്റ്റലിന് സമീപത്തുവെച്ച് ഇന്നലെ വൈകീട്ട് 5.30ഓടെയാണ് ദാസിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബാഗിലും ബിഗ്ഷോപ്പറിലുമായി കൈയ്യിൽ കരുതിയിരുന്ന മദ്യമാണ് പിടിച്ചെടുത്തത്. ചെറിയ വിലയ്ക്ക് ഇവിടെ നിന്ന് വാങ്ങുന്ന മദ്യം നാട്ടില്‍ കൊണ്ടുപോയി വില്പന നടത്താനാണ് ദാസ് ശ്രമിച്ചതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വടകര റെയ്ഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജയപ്രസാദ്, പ്രവന്റീവ് ഓഫീസര്‍ വിജയന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സച്ചിന്, രാജന് എന്നിവര്‍ ചേര്‍ന്നാണ് ദാസിനെ പിടികൂടിയത്.