ലഖ്നൗ: ഉത്തർപ്രദേശിലെ ഒരു സ്ത്രീയുടെ കരളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തൽ. കരിയറിൽ ആദ്യമായി ഇത്തരം ഒരു അവസ്ഥ നേരിടുന്നതിലെ ഞെട്ടലിലാണ് ഡോക്ടർമാർ. ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരിക്കാം ഇതെന്ന് വിദഗ്ധർ പറയുന്നു. സ്കാനിങ്ങിലൂടെയാണ് ഇൻട്രാഹെപ്പാറ്റിക് എക്ടോപിക് ഗർഭാവസ്ഥയാണിതെന്ന് മനസിലാകുന്നത്. ബുലന്ദ്ഷഹറിലാലെ മുപ്പതുകാരിയിലാണ് ഈ കേസ് റിപ്പോര്ട്ട് ചെയ്തത്.
സ്ത്രീയ്ക്ക് കഠിനമായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. കാരണം കണ്ടെത്താൻ എംആർഐ സ്കാനിംങ് നടത്താൻ ഡോക്ടർമാർ നിർദേശിച്ചു. മീററ്റിൽ സ്വകാര്യ സ്കാനിങ്ങ് സെന്റർ നടത്തുന്ന റേഡിയോളജിസ്റ്റ് കെ കെ ഗുപ്തയാണ് ഈ കേസ് ഇൻട്രാഹെപ്പാറ്റിക് എക്ടോപിക് ഗർഭാവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്. ലോകത്ത് ആകെ എട്ട് കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കരളിൻ്റെ ഇടതുഭാഗത്താണ് ഭ്രൂണം കണ്ടെത്തിയത്. കൃത്യമായ ഹൃദയമിടിപ്പ്
രേഖപ്പെടുത്തി. നിലവിലുള്ള രേഖകൾ പ്രകാരം ഇത് ഇന്ത്യയിലെ ആദ്യ കേസായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗർഭസ്ഥ ശിശുവിന് ഏകദേശം 12 ആഴ്ചത്തെ പ്രായമുണ്ട്. ഗർഭാശയം പൂർണമായും ശൂന്യമായിരുന്നു. കരളിന്റെ വലതുഭാഗത്ത് ഗർഭാശയ സഞ്ചി കണ്ടെത്തി.
വളരെയധികം അപകടസാധ്യതയുള്ള ഗർഭധാരണ അവസ്ഥയാണിത്. ഇൻട്രാഹെപ്പാറ്റിക് എക്ടോപിക് ഗർഭം വളരെ അസാധാരണമാണ്. ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ, ഇൻട്രാഹെപ്പാറ്റിക് എക്ടോപിക് ഗർഭം അസാധാരണമാണ്. ഗർഭാശയത്തിന് പകരം കരളിലാണ് അണ്ഡത്തിന്റെ ബീജസങ്കലനവും വളർച്ചയും നടന്നത്.
ഗർഭാശയത്തിന് പുറത്ത് ഒരു ഭ്രൂണം വളരുമ്പോഴാണ് എക്ടോപിക് ഗർഭാവസ്ഥയുണ്ടാകുന്നത്. ഇത് ജീവന് ഭീഷണിയാണ്. കരളിൽ വൻ തോതിൽ രക്ത വിതരണം നടക്കുന്നതിനാൽ എന്ത് ശസ്ത്രക്രിയ നടത്തിയാലും ആന്തരിക രക്തസ്രാവത്തിന് കാരണമാകും. ലോകമെമ്പാടും ഇത്തരത്തിൽ ഏഴ് കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അവയിൽ 0.03 ശതമാനം കരളിലാണെന്നും ഗവേഷണങ്ങൾ പറയുന്നു. അമേരിക്ക, ചൈന, നൈജീരിയ എന്നിവയാണ് ഇൻട്രാഹെപ്പാറ്റിക് എക്ടോപിക് ഗർഭധാരണം കണ്ടെത്തിയ മറ്റ് രാജ്യങ്ങൾ.