തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കവും മർദനവും തുടർക്കഥയാകുമ്പോൾ കരാർ കമ്പനിയുടേത് നിയമവിരുദ്ധ പണപ്പിരിവ്. യാത്രികരെ ഇറക്കി തിരിച്ചുവരുന്നതിന് ഏഴ് മുതൽ 11 മിനിറ്റ് വരെ സമയം അനുവദനീയമാണെങ്കിലും ഇത് ലംഘിച്ചാണ് പണപ്പിരിവും ഗുണ്ടായിസവുമെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ ലഭിച്ചു. പാർക്കിങ് സംബന്ധിച്ച് ഉംറ തീർഥാടകനെ മർദിച്ചതിനെതിരെ കൊണ്ടോട്ടി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
പാർക്കിങ് ഏരിയയിലേക്ക് കയറാതെ, യാത്രികരെ ടെർമിനലിൽ ഇറക്കി വരുന്നതിന് 11 മിനിറ്റ് സൗജന്യമാണെന്ന് എയർപോർട്ട് അതോറിറ്റി വിവരാവകാശ നിയമപ്രകാരം അറിയിച്ചു. അതുപോലെ ഇന്റർനാഷനൽ പാർക്കിങ്, ലോ ലെവൽ പർക്കിങ് എന്നിവിടങ്ങളിൽ കയറിയിറങ്ങുന്നതിന് ഒമ്പത് മിനിറ്റും ഡൊമസ്റ്റിക് പാർക്കിങ് ഏരിയയിൽ ഇത് ഏഴു മിനിറ്റുമാണ്. ഇതിന് വിരുദ്ധമായി കരിപ്പൂരിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നെല്ലാം പണപ്പിരിവ് നടത്തുന്നതാണ് തർക്കത്തിനും ആക്രമണത്തിനുമിടയാക്കുന്നതെന്നാണ് യാത്രികർ പറയുന്നത്.
കണ്ണൂർ ആസ്ഥാനമായ ഗേറ്റ്വേ സെക്യൂരിറ്റി ഗ്രൂപ് 20.73 ലക്ഷത്തിനാണ് 2023ൽ പാർക്കിങ് ടെൻഡർ നേടിയത്. മുംബൈ ആസ്ഥാനമായ എ.എസ് മൾട്ടി സർവിസസ് എന്ന സ്ഥാപനം 57.86 ലക്ഷത്തിന് 2024ൽ ഈ ടെൻഡർ നേടി. യാത്രികരുടെ എണ്ണത്തിലോ വാഹനത്തിലോ കാര്യമായ വർധനയുണ്ടായില്ലെങ്കിലും 30 ലക്ഷത്തിന്റെ വർധനയുണ്ടായതാണ് കരാർ കമ്പനിയുടെ ചൂഷണത്തിന് കാരണമെന്നും യാത്രികർ പറയുന്നു. ഇതിന് പുറമെ, 3.57 കോടി രൂപ ദേശസാത്കൃത ബാങ്ക് ഗാരന്റിയായും നൽകിയാണ് കമ്പനി കരാർ ടെൻഡർ നേടിയത്. കരാർ കാലാവധിയായ അഞ്ചുവർഷത്തിനിടെ, ഇത്രയും തുക യാത്രികരിൽ നിന്ന് തിരിച്ച് ഈടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർക്കിങ്ങിന്റെ പേരിലുള്ള കൊള്ള. പാർക്കിങ് കരാറെടുത്ത കമ്പനിക്കെതിരെ മലബാർ ഡെവലപ്മെന്റ് ഫോറം ഉൾപ്പെടെ നിരവധി പരാതിയാണ് നൽകിയിട്ടുള്ളത്.