കരുണയില്ലാതെ കാരുണ്യ; ചികിത്സ സഹായം നിലച്ചതോടെ വലഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് രോഗികള്‍

news image
Sep 28, 2023, 7:26 am GMT+0000 payyolionline.in

കോട്ടയം: കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയുളള ചികില്‍സാ സഹായം നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഡയാലിസിസ് രോഗികള്‍. ജീവന്‍ നിലനിര്‍ത്താനുളള ചികില്‍സയ്ക്കായി പലരും പ്രതിമാസം പതിനായിരം രൂപ വരെ അധികമായി കണ്ടെത്തേണ്ട നിലയിലാണിപ്പോള്‍. കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ കുടിശിക വരുത്തിയതോടെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡയലാസിസ് രോഗികള്‍ക്കുളള കാരുണ്യ സേവനങ്ങള്‍ നിലച്ചത്. മന്ത്രിമാർക്ക് പരാതി നൽകിയിട്ടും പ്രയോജനമൊന്നുമില്ലെന്ന് ഇവർ പറയുന്നു. ആരോ​ഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

 

 

ഗാന്ധിനഗര്‍ സ്വദേശിയായ ജയ്സണ്‍ ഓട്ടോ ഡ്രൈവറാണ്. മുപ്പത് വയസ് പ്രായമുണ്ട്. രണ്ടു വര്‍ഷമായി വൃക്കകള്‍ തകരാറിലായിട്ട്. രോഗം വന്ന ശേഷം ആഴ്ചയില്‍ രണ്ടു ദിവസം ഓട്ടോ ഓടിച്ചാലായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്യണം. കാരുണ്യയായിരുന്നു ഏക ആശ്രയം. ഇപ്പോള്‍ പക്ഷേ അത് ലഭിക്കുന്നില്ലെന്ന് ജയസന്റെ വാക്കുകൾ.

 

 

ഡയാലിസിസ് വാര്‍ഡിനു മുന്നില്‍ ഉള്ളവർക്കെല്ലാം പറയാനുള്ളത് തങ്ങൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചായിരുന്നു. കാരുണ്യ വഴിയുളള സഹായമില്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സിലെങ്കിലും ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കാര്യം പറഞ്ഞ് മന്ത്രിമാരെ പലരെയും നേരില്‍ കണ്ടു. കാണാന്‍ പറ്റാത്തവരെ ഫോണില്‍ വിളിക്കുന്നുമുണ്ട്. പ​ക്ഷേ പ്രയോജനമില്ലെന്നു മാത്രം. ചികില്‍സയും ദൈനംദിന ജീവിതവും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധം പ്രതിസന്ധിയിലായിരിക്കുകയാണ് ഈ പാവം മനുഷ്യർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe