കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു; ബാങ്കിലുണ്ടായിരുന്നത് 14 ലക്ഷം

news image
Oct 4, 2023, 4:00 am GMT+0000 payyolionline.in

തൃശൂർ : കരുവന്നൂര്‍ സഹകരണബാങ്കില്‍ അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന് കുടുംബത്തിന്‍റെ പരാതി. രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 ന് മരിച്ചു. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് 1,90,000 രൂപ മാത്രമായിരുന്നുവെന്ന് കുടുബം പറയുന്നു. പതിനാല് ലക്ഷമാണ് ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ളത്. ഈ പണം തിരികെ കിട്ടിയിരുന്നെങ്കിൽ ചികിത്സ നടത്താമായിരുന്നുവെന്ന് കുടുംബം വേദനയോടെ ഓർക്കുന്നു.

 

 

ഞരമ്പിന്റെ പ്രശ്നമുള്ളതിനാൽ ശശിക്ക് കൈക്കും കാലിനും സ്വാധീനമുണ്ടായിരുന്നില്ല. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ്  പെട്ടന്ന് രക്തസമ്മർദ്ദം കൂടിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ ഉടൻ ശസ്ത്രക്രിയ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ബാങ്കിലെ സെക്രട്ടറിയെ വിളിച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ 9000 രൂപ തരാനേ കഴിയുവെന്നും മറ്റൊരു മാർഗവുമില്ലെന്നുമായിരുന്നു മറുപടി. വാർഡ് മെമ്പറിനെ അടക്കം വിളിച്ചപ്പോൾ ഒരു ലക്ഷം തന്നു. ആകെ 1,90,000 രൂപയാണ് ഇതുവരെ ശശിയുടെ കുടുംബത്തിന് ലഭിച്ചത്.

 

 

പ്രായമായ അമ്മയ്ക്കും ഇനി മുന്നോട്ട് പോകാൻ വേറെ മാർഗമില്ലെന്ന് മരിച്ച ശശിയുടെ സഹോദരിയും പറയുന്നു. അമ്മയും സഹോദരനും രോഗബാധിതരായതോടെയാണ് ഉണ്ടായിരുന്ന സ്ഥലം വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചത്. ബാങ്കിൽ നിന്നും  പലിശയിനത്തിൽ ലഭിക്കുന്ന പണം കൊണ്ട് ജിവിക്കാമെന്നായിരുന്നു പ്രതീക്ഷ. അതാണ് ഈ അവസ്ഥയിൽ അവസാനിച്ചതെന്ന് കുടുംബം പറയുന്നു. ശശിയുടെ ചികിത്സക്കായി പലയിടത്ത് നിന്നും കടം വാങ്ങി. ഇതെല്ലാം തിരികെ നൽകണമെങ്കിൽ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടണം. ഇതിന് ബാങ്ക് കനിയണമെന്ന ദുരവസ്ഥയിലാണ് കുടുംബം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe