കൊച്ചി∙ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിലായ ശേഷം കേസിലെ മൂന്നാം പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ.അരവിന്ദാക്ഷനുമായി രണ്ടുപേർ ദീർഘനേരം ഫോണിൽ സംസാരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) എറണാകുളം സബ് ജയിലിൽ റിമാൻഡിലായിരുന്ന അരവിന്ദാക്ഷനെ കോടതിയെ മുൻകൂട്ടി അറിയിക്കാതെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി കേസിലെ ഒന്നും രണ്ടും പ്രതികളായ പി.സതീഷ്കുമാർ, പി.പി.കിരൺ എന്നിവരെ കണ്ടുമുട്ടാൻ അവസരം ഒരുക്കിയതിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ പരാതി പറഞ്ഞിരുന്നു. കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന രാഷ്ട്രീയ നേതാവിന്റെ വിശ്വസ്തനായ അഭിഭാഷകനോടും തുടർന്ന് അരവിന്ദാക്ഷന്റെ ബന്ധുവിനോടുമാണു ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ ഫോണിൽ സംസാരിച്ചത് എന്നാണു അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
ജയിലിൽ കഴിയവേ ആരുടെ ഫോണിലാണ് അരവിന്ദാക്ഷൻ സംസാരിച്ചതെന്നു കണ്ടെത്താനുണ്ട്. തുടർന്ന് അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പിഎംഎൽഎ കോടതിയിൽ ഇ.ഡി പുതിയ അപേക്ഷ നൽകി. നേരത്തെ ഒരുതവണ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതിയും സ്വകാര്യ സാമ്പത്തിക ഇടപാടുകാരനുമായ പി.സതീഷ്കുമാറിന്റെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളും അരവിന്ദാക്ഷന് എതിരാണ്. ഇവർ തമ്മിലുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖകൾ ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്. കേസിലെ നാലാം പ്രതിയും അരവിന്ദാക്ഷന്റെ അടുപ്പക്കാരനുമായ മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസിനെയും ഇ.ഡി കസ്റ്റഡിയിൽ ചോദിച്ചിട്ടുണ്ട്.
സതീഷ്കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ള എസ്ടി ജ്വല്ലറി ഉടമ കെ.കെ.സുനിൽകുമാർ, വടക്കാഞ്ചേരിയിലെ സിപിഎം കൗൺസിലർ മധു അമ്പലപുരം എന്നിവരെയും ഇന്നലെ ചോദ്യം ചെയ്തു. സുനിൽകുമാറിന്റെ മകളുടെ വിവാഹാവശ്യത്തിനു സതീഷ്കുമാർ നൽകിയ ഒരു കോടി രൂപ കരുവന്നൂർ ബാങ്കിൽ നിന്നു തട്ടിയെടുത്ത തുകയാണെന്ന് ഇ.ഡിക്കു സംശയമുണ്ട്. ഈ ഇടപാടിന്റെ വിശദാംശങ്ങൾ ശേഖരിക്കാനാണ് സുനിൽകുമാറിനെ ചോദ്യം ചെയ്തത്.
അരവിന്ദാക്ഷന്റെ മാതാവിന്റെ പേരിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തിയ പെരിങ്ങണ്ടൂർ ബാങ്കിലെ സെക്രട്ടറി ടി.ആർ.രാജന്റെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നു. 11 ലക്ഷം രൂപ സതീഷ്കുമാർ തട്ടിയെടുത്തെന്ന പുതിയ ആരോപണവുമായി തൃശൂർ സ്വദേശിയായ സിന്ധുവും രംഗത്തുവന്നു. സിന്ധു ഇന്ന് കൊച്ചിയിലെത്തി ഇ.ഡിക്കു പരാതി കൈമാറും. വ്യവസായി ജയരാജ് നായർ, ചാർട്ടേഡ് അക്കൗണ്ടന്റ് സനൽകുമാർ എന്നിവരുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി.