കരുവന്നൂർ: പ്രതികൾക്കെതിരെ ഇഡിയുടെ 17 കണ്ടെത്തലുകൾ

news image
Sep 28, 2023, 4:19 am GMT+0000 payyolionline.in

കൊച്ചി∙ ഭരണസമിതിയിൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കുമുള്ള ദുഃസ്വാധീനം കാരണം കരുവന്നൂർ സർവീസ് സഹകരണബാങ്കിൽ സംഭവിച്ച സാമ്പത്തിക അഴിമതിയുടെ ആഴവുംപരപ്പും കോടതിയെ ബോധ്യപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയത് 17 കണ്ടെത്തലുകൾ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസിലെ ഒന്നു മുതൽ നാലുവരെ പ്രതികളായ പി.സതീഷ്കുമാർ, പി.പി.കിരൺ, പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവർ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബെനാമി വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.

∙ പ്രതികൾ സംഘടിതമായി ചെയ്തത് സാധാരണക്കാരെ സാമ്പത്തിക തകർച്ചയിലേക്കും ആത്മഹത്യയിലേക്കു തള്ളിനീക്കിയ കുറ്റകൃത്യം.

∙ സഹകരണബാങ്കിലെ പണം കടത്താൻ ചരടുവലിച്ചതു സിപിഎം പ്രാദേശിക നേതാവും നഗരസഭാ കൗൺസിലറുമായ പി.ആർ.അരവിന്ദാക്ഷൻ.

∙ തട്ടിപ്പു തിരിച്ചറിഞ്ഞവരെയും വിവരങ്ങൾ ഇ.ഡിക്കു നൽകിയവരെയും കൊല്ലുമെന്നുവരെ അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തി.

∙ കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയിലും നടത്തിപ്പിലും അരവിന്ദാക്ഷനുള്ള ആഴത്തിലുള്ള പങ്കാളിത്തം വ്യക്തം

∙ കേസിലെ മുഖ്യപ്രതിയും സ്വകാര്യ ധനഇടപാടുകാരനുമായ പി.സതീഷ്കുമാർ, സഹോദരൻ പി.ശ്രീജിത്ത് എന്നിവരുമായി അരവിന്ദാക്ഷൻ ഫോണിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ ഡിജിറ്റൽ രേഖകൾ പ്രതികളുടെ കൂട്ടുത്തരവാദിത്തത്തിനു തെളിവാണ്.

∙ ഡിജിറ്റൽ രേഖകളിൽ കേസിൽ ഉന്നത വ്യക്തികളുടെ പങ്കാളിത്തത്തിനും തെളിവുണ്ട്.

∙ സഹകരണ റജിസ്ട്രാർ നടത്തിയ റൂൾ 65 അന്വേഷണത്തിന്റെ റിപ്പോർട്ടിൽ പ്രതികൾ ചെയ്ത കുറ്റകൃത്യത്തെ കുറിച്ചുള്ള വിശദാംശങ്ങളുണ്ട്.

∙ ഭരണസമിതിയുടെ അറിവും ബാങ്ക് പ്രസിഡന്റിന്റെ കയ്യൊപ്പുമില്ലാതെയാണു വൻതുകയുടെ വായ്പകൾ പ്രതികൾ തട്ടിയെടുത്തത്.

∙ ഒരു സാധാരണ ജീവനക്കാരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ വീതമുള്ള വായ്പകൾ തുടർച്ചയായി അനുവദിച്ചതു കാണാം.

∙ ഒരേ സ്ഥലം ഈടുവച്ച് ഒരേ സമയം പല വായ്പകൾ പലർക്കായി അനുവദിച്ചു. എന്നാൽ തുക പോയതു വായ്പ അനുവദിക്കപ്പെട്ട അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കല്ല.

∙ ‘ബാങ്ക് ആസ്ഥാനത്തു’ നിന്നു ലഭിച്ച നിർദേശത്തെ തുടർന്നാണ് ഇത്തരം വായ്പകൾ അനുവദിച്ചതെന്നു ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

∙ ഈടുവച്ച ഭൂമിയുടെ യഥാർഥ കമ്പോളവിലയുടെ അനേക ഇരട്ടിയാണു വായ്പ അനുവദിച്ചത്.

∙ രണ്ടാം പ്രതി പി.പി.കിരണിന്റെ ബെനാമി സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ലഭിച്ച 24.56 കോടി രൂപയിൽ 14 കോടി ഒന്ന‌ാം പ്രതി പി.സതീഷ്കുമാറിനു കൈമാറി. 50 ലക്ഷം രൂപ മൂന്നാം പ്രതി പി.ആർ.അരവിന്ദാക്ഷന്റെ പേരിൽ സ്ഥിരം നിക്ഷേപമായി നൽകി.

∙ ബാങ്കിലെ അക്കൗണ്ടന്റായിരുന്ന സി.കെ.ജിൽസുമായി അടുപ്പമുള്ള 9 വ്യക്തികളുടെ പേരിൽ 5.06 കോടി രൂപ ചോർത്തിയെടുത്തു.

∙ സി.കെ.ജിൽസ് നടത്തിപ്പുകാരനായ കരുവന്നൂർ സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റിൽ 1.50 കോടി രൂപയുടെ സ്റ്റോക്കിന്റെ കുറവും ഇ.ഡി. കണ്ടെത്തി.

∙ പ്രതികളെയെല്ലാം പരസ്പരം കൂട്ടി യോജിപ്പിച്ച കണ്ണിയും ഇവരുടെ ഉപദേശകനും പി.ആർ.അരവിന്ദാക്ഷനാണ്.

∙ അരവിന്ദാക്ഷനെ സംരക്ഷിക്കുന്ന ഉന്നതരെ കുറിച്ചുള്ള മൊഴികളും ലഭിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe