ന്യൂഡല്‍ഹി: നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദേശം നടപ്പിലാക്കാത്ത പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കര്‍ഷകരുമായി അനുരഞ്ജനം പാടില്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ നിലപാടെന്ന് കോടതി വിമര്‍ശിച്ചു. വിഷയത്തിൽ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ഇടപെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അനുരഞ്ജനത്തിന് വിരുദ്ധമാണ് പഞ്ചാബ് സര്‍ക്കാരിന്റെ മനോഭാവം. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് കൊണ്ട് അദ്ദേഹം നിരാഹാരം ഉപേക്ഷിക്കണമെന്നല്ല. വൈദ്യസഹായം ലഭിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് നിരാഹാര സമരം തുടരാവുന്നതാണ്. മെഡിക്കല്‍ സഹായത്തിന് കീഴില്‍ നിരാഹാരം തുടരാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദല്ലേവാളിനെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം ദല്ലേവാളിനെ വൈദ്യസഹായം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിങ് സുപ്രീംകോടതിയെ അറിയിച്ചു. കോടതിയുടെ ഉദ്ദേശ്യങ്ങൾ നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നിർദേശമായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് പറഞ്ഞ ജസ്റ്റിസ് സൂര്യകാന്ത് അതിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ദല്ലേവാള്‍ രാജ്യത്തിന് വളരെ വിലപ്പെട്ട കർഷക നേതാവാണ്. അദ്ദേഹത്തിന്റെ ജീവന് ആപത്ത് ഉണ്ടാകരുതെന്ന് ഉദ്ദേശം മാത്രമാണ് കോടതിക്കുള്ളൂ എന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.