കോട്ടയം: പരിഭ്രാന്തി പരത്തി കലക്ടറേറ്റില്‍ ബോംബ് ഭീഷണി. വ്യാഴാഴ്ച ഉച്ചയോടെ കലക്ടറുടെ മെയിലിലേക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. രണ്ടുമണിക്ക് ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായ വിവിധ പരിപാടികള്‍ക്കിടെയാണ് ഈ സന്ദേശം. തുടർന്ന് ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി കലക്ടറേറ്റിൽ എത്തിയവരെയും സുരക്ഷ ഉദ്യോഗസ്ഥർ പുറത്തിറക്കി.
ബോംബ് കണ്ടെത്താൻ വിദഗ്ധ പരിശീലനം നേടിയ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് എല്ലാവർക്കും ഓഫിസില്‍ പോകാൻ അനുമതി നല്‍കുകയായിരുന്നു. പാലക്കാട്, കൊല്ലം കലക്ടറേറ്റുകളിലും ഇ-മെയിൽ വഴി സമാന ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.