കലയുടെ സുഹൃത്തിനെ ചോദ്യം ചെയ്തു; അടുപ്പത്തിലായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചതായി സൂചന 

news image
Jul 4, 2024, 5:39 am GMT+0000 payyolionline.in

മാന്നാർ: കലയുടെ സുഹൃത്തായ മാന്നാർ കുട്ടമ്പേരൂർ സ്വദേശിയെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. കലയുമായി അടുപ്പമുണ്ടായിരുന്നെന്ന് ഇയാൾ സമ്മതിച്ചതായാണു വിവരം. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മിൽ അകന്നതെന്നാണു പൊലീസിന്റെ നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് അവരെ കാണാതായ ശേഷം നാട്ടിൽ പ്രചാരണമുണ്ടായി. അതിനു പിന്നിൽ ആരാണെന്നും വ്യക്തമല്ല. ഈ പ്രചാരണം കലയുടെ ബന്ധുക്കൾ ഉൾപ്പെടെ വിശ്വസിക്കുകയും ചെയ്തു.

ഒന്നാം പ്രതി അനിലിന്റെ പിതാവ് തങ്കച്ചൻ, മാതാവ് മണിയമ്മ, അനിലിന്റെ ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെയും മാന്നാർ പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. അനിലിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലായിരുന്നു പൊലീസ് വിവരങ്ങൾ തേടിയത്. പഞ്ചായത്തംഗം പുഷ്പ ശശികുമാറിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. തന്റെ വാർഡിലാണ് സംഭവം നടന്നതെന്നും പ്രതികളെ അറിയാമെന്നും കൊലപാതക വിവരം ഇപ്പോഴാണ് അറിയുന്നതെന്നും പഞ്ചായത്തംഗം പൊലീസിനെ അറിയിച്ചു.

ആലപ്പുഴയിൽനിന്നുള്ള ഫൊറൻസിക് ഉദ്യോഗസ്ഥർ ഇന്നലെയും പരിശോധന നടത്തി. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് പരിസരത്തായിരുന്നു പരിശോധന. കലയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിലിട്ടെന്ന പ്രതികളുടെ മൊഴിയനുസരിച്ചു കഴിഞ്ഞ ദിവസം ടാങ്ക് തുറന്നു പരിശോധിച്ചിരുന്നു. ഇവിടെനിന്നു തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe