കലയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം, കാറിൽ കൊലപാതകം, തെളിവ് നശിപ്പിച്ചു; ഭർത്താവ് ഒന്നാം പ്രതി

news image
Jul 3, 2024, 4:39 am GMT+0000 payyolionline.in

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അനിലിന്റെ സുഹൃത്തുക്കളായ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പെരുമ്പുഴ പാലത്തിൽവച്ച് അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കല ഉറപ്പുവരുത്തിയ ശേഷം കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയും തെളിവെല്ലാം നശിപ്പിക്കുകയുമായിരുന്നു. 2009ലായിരുന്നു സംഭവം. ‌പ്രതികൾ എങ്ങനെയാണ് കലയെ കൊന്നതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല.

അനിലിന്റേതും ശ്രീകലയുടേതും പ്രണയ വിവാഹമായിരുന്നു. ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിനു ജോലി. അനിലിനെ ശ്രീകല പ്രണയിച്ച് വിവാഹം കഴിച്ചതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതി നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. വർഷങ്ങൾക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിനു വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ്, മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധനയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂയെന്നു പൊലീസ് അറിയിച്ചു. ആരാണ് പൊലീസ് സ്റ്റേഷനിലേക്ക് ഊമക്കത്ത് അയച്ചതെന്ന് വെളിപ്പെടുത്താനാവില്ലെന്നും അധികൃതർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe